സംഘടിതമായ ഗൂഢ നീക്കം തിരിച്ചറിയണം: യുവദീപ്തി- എസ്.എം. വൈ. എം
കാഞ്ഞിരപ്പള്ളി : സംഘടിതമായ ഗൂഢ നീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന്
കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്. എം. വൈ. എം.
പൂഞ്ഞാർ സെൻറ് മേരീസ് പള്ളിയിലെ ആരാധന തടസ്സപ്പെടുത്തുകയും അസിസ്റ്റൻറ് വികാരിയച്ചനെ അപകടപ്പെടുത്തന്നതിന് ശ്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ തീവ്ര ശക്തികളെ കണ്ടെത്തി നിലയ്ക്ക് നിർത്തുന്നതിന് പോലീസിനും ഭരണകൂടത്തിനും സാധിക്കണം. വൈകും തോറും കൂടുതലപകടകാരികളാകാവുന്ന സാമൂഹ്യ വിരുദ്ധരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണം.
വിശ്വാസ സമൂഹത്തെ നയിക്കുന്ന വൈദികൻ്റെ ജീവൻ പോലും അപകടത്തിലാകും വിധം പെരുമാറുന്നതിന് ഏതെങ്കിലും വിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ധൈര്യപ്പെടുന്നുവെങ്കിൽ അത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. ഞായറാഴ്ച മതബോധന ക്ലാസ്സുകൾക്ക് ശേഷം മടങ്ങുന്ന പെൺകുട്ടികളെയുൾപ്പെടെ വഴി നടക്കുന്നതിനനുവദിക്കാത്ത ധാർഷ്ട്യവും തീവ്ര നിലപാടുകളും രാഷ്ട്രത്തിൻറെ ഭരണഘടനയെയും സാമൂഹ്യ ക്രമത്തെയും മാനിക്കുന്ന പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
പൂഞ്ഞാറുണ്ടായ അനിഷ്ടസംഭവങ്ങളെ ശക്തമായി അപലപിക്കുകയും ഈ വിധത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിന് കർശനനടപടിയുണ്ടാവുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി – എസ് എം വൈ എം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധസൂചകമായി നടത്തപ്പെട്ട പന്തംകൊളുത്തി പ്രകടനത്തിൽ യുവദീപ്തി -എസ്.എം.വൈ.എം രൂപതാ യുവജന പ്രതിനിധികളായ മരിയ സെബാസ്റ്റ്യൻ, ജിബിൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.