മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നിയമങ്ങൾ കൊണ്ട് എന്തു പ്രയോജനം : ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ
കാഞ്ഞിരപ്പള്ളി : മനുഷ്യരെ ആക്രമിച്ചു കൊല്ലുന്ന വന്യമൃഗങ്ങളെ മാനസികമായി പോലും പീഡിപ്പിക്കുവാൻ പാടില്ല എന്ന മനോഭാവത്തിൽ വനപാലകരും നിയമ പാലകരും ഭരണ കർത്താക്കളും ഉള്ള നാട്ടിൽ സാധാരണ മനുഷ്യർ എങ്ങനെ ജീവിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ . മനുഷ്യ ജീവന് വില കൽപ്പിക്കാത്ത നിയമങ്ങൾ കൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ പൊലിയുന്നത് ആവർത്തിച്ചു വരുന്ന സാഹചര്യത്തിൽ, വർധിച്ചു വരുന്ന വന്യ മൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ .
വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. കാട്ടുമൃഗങ്ങളെസംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവർക്കുള്ളു. 1972- ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കത്തിഡ്രൽ ഗ്രോട്ടോ ജംഗ്ഷനിൽ നിന്നാരംഭിച്ച് കുരിശുകവല, പേട്ട ജംഗ്ഷൻ ചുറ്റി തിരികെ ഗ്രോട്ടോ ജംഗ്ഷനിൽ സമാപിച്ച റാലിയിൽ പന്തം കൊളുത്തിക്കൊണ്ട് രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.
രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. മാത്യു പാലക്കുടി, ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകം പ്രായിൽ, ജോജോ തെക്കും ചേരിക്കുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, ഫിലിപ്പ് പള്ളിവാതുക്കൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെജി കൊച്ചു കരിപ്പാപ്പറമ്പിൽ, മൈക്കിൾ കിഴക്കേൽ, അനിത ജസ്റ്റിൻ, ജോസ് മടുക്കക്കുഴി, സാബു വെട്ടുവേലിൽ, ജോബിൻ വടക്കേനാത്ത്, സബിൻ ജോൺ, ജോബി കല്ലൂരാത്ത്, ബേബി കണ്ടത്തിൽ, ടോമിച്ചൻ പാലമുറി, ജോസ് പാനാപ്പള്ളി, തോമസ് ചെമ്മരപ്പള്ളി, ലിസിയാമ്മ വെട്ടിയാങ്കൽ, സിനി ബെന്നി പുളിമൂട്ടിൽ, സോണി കോഴിമല, ടിന്റു വിറകൊടിയനാൽ, ബിനോയ് ഇലവത്തിൽ, ജോസ് ഡോമിനിക്…സെബാസ്റ്റ്യൻ കൊല്ലക്കൊമ്പിൽ, ടോം കാലാപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.