3.70 കോടി ചെലവിട്ടു നിർമിച്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം 26 ന്
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ 3.70 കോടി ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 26ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. നബാർഡ് ഫണ്ട് 2 കോടി രൂപയും ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് 15000 ചതുരശ്ര അടിയിൽ 2 നിലകളിലായി കെട്ടിടം നിർമിച്ചത്. 7 ക്ലാസ് മുറികൾ, ഒരു ഹാൾ, ഐടി ലാബ്, ഓഫിസ്, ലൈബ്രറി, അടുക്കള, 2 സ്റ്റോർ റൂം, 5 ശുചിമുറികൾ എന്നിവയാണു കെട്ടിടത്തിലുള്ളത്.
സ്കൂൾ അങ്കണത്തിൽ നടത്തുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും.