വിനീത ഹൃദയങ്ങൾ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങൾ സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വിനയത്തിന്റെ മാതൃക കാട്ടിയ ഈശോ മിശിഹായെ അനുകരിക്കുന്നവർക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. സ്വാർത്ഥതയുടെ സംസ്കാരം കുടുംബത്തിലും സമൂഹത്തിലും അധിനിവേശത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുകയും മറ്റാർക്കും ഇടം കൊടുക്കാതിരിക്കുകയും ചെയ്യും. എന്നാൽ, എളിമയുടെ മാതൃക സകലരെയും സമാധനത്തിലേക്കും രക്ഷയിലേക്കും നയിക്കുമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ് കത്തീദ്രലിൽ നടത്തപ്പെട്ട ഓശന തിരുക്കർമ്മങ്ങളുടെ മദ്ധ്യേ, സന്ദേശം നല്കുകയായിരുന്നു. വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തിൽ തീക്ഷ്ണമായ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാചരിക്കണമെന്നും മാർ ജോസ് പുളിക്കൽ ആഹ്വാനം ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാത്യു അറയ്ക്കൽ അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ , ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഗ്രോട്ടോയിലാരംഭിച്ച തിരുക്കർമ്മങ്ങള തുടർന്ന് കത്തീദ്രൽ പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തിൽ ഓശാന വിളികളുമായി വിശ്വാസി സമൂഹം പങ്കു ചേർന്നു. ഓശാന തിരുക്കർമ്മങ്ങളിൽ കത്തീദ്രൽ വികാരി ഫാ. വർഗ്ഗീസ് പരിന്തിരിക്കൽ, ഫാ. ജോർജ് കുഴിപ്പള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.