എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സ്ഥലം മാറ്റം ; വനം വകുപ്പ് ഓഫിസ് പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം
എരുമേലി : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര്‍ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 16-ാം തീയതിയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് സമീപം 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം ബി.ആര്‍ ജയന് ലഭിച്ചത്.
തുടര്‍ന്നാണ് ബി.ആര്‍ ജയന്‍ അന്വേഷിക്കാനെത്തുന്നത്. ഇദ്ദേഹം എത്തുമ്പോഴേക്കും ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ച നിലയിലായിരുന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ബാക്കിയുണ്ടായിരുന്നു. കഞ്ചാവ് കൃഷി നടത്തിയെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് ബി.ആര്‍ ജയന്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഞ്ച് ഓഫീസറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായത്.
എന്നാല്‍ ഇതിന്റെ പേരിലല്ല സ്ഥലം മാറ്റിയതെന്നും രണ്ട് വനിതാ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചുവെന്ന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നുമാണ് വനം വകുപ്പിന്റ വിശദീകരണം.
നവംബറിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ, പമ്പാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകിയത്.
വിഷയത്തിൽ കോട്ടയം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് വിജിലൻസ് വിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നടപടി.
പരാതിക്കാരിൽ മൂന്നു പേർ മാത്രമാണ് പേര് വെളിപ്പെടുത്തിയത്. വ്യക്തിപരമായ താൽപര്യത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.
