സാമൂഹിക പ്രവർത്തകനും ഒഐസിസി ജുബൈൽ കുടുംബവേദി പ്രസിഡന്റുമായ സലിം വെളിയത്തിന്റെ വിയോഗം ജുബൈലിലെ പ്രവാസിലോകത്തിന് തീരാദു:ഖമായി
കാഞ്ഞിരപ്പള്ളി : സാമൂഹിക പ്രവർത്തകനും ഒഐസിസി ജുബൈൽ കുടുംബവേദി പ്രസിഡന്റുമായ കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്ത് (49) ഹ്യദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോൺഗ്രസ് AIUWC യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും , കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുനിൽ തേനംമാക്കലിന്റെ സഹോദരീഭർത്താവാണ് പരേതനായ സലിം വെളിയത്ത്.
കഴിഞ്ഞ 20 വർഷത്തിലേറെയായി ജുഹൈലിലുള്ള സലിം അരാംകോ കമ്പനിയിൽ ഗുണമേന്മ പരിശോധനാ വിഭാഗം ഇൻസ്പെക്ടർ ആയി ജോലി ചെയ്തുവരികയായിരുന്നു.
ലോക്ക് ഡൌൺ സമയത്ത് തൊഴിൽ നഷ്ട്ടപെട്ട നിരവധിപേർക്ക് സഹായം എത്തിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന സലീമിന്റെ അപ്രതീക്ഷിത വിയോഗം സൗദിയിലെ പ്രവാസി സമൂഹത്തിന് തീരാദു:ഖമായി മാറി. കോവിഡ് മഹാമാരിയിൽ രോഗബാധിതരായ നിരവധിപേർക്ക് ആശ്വാസമേകുവാൻ സലീമിന് കഴിഞ്ഞിരുന്നു. മറ്റുള്ളവരിൽ നിന്നും ഒറ്റപെട്ടു കഴിഞ്ഞിരുന്ന പ്രദേശത്തെ നിരവധി കോവിഡ് രോഗികൾക്ക് മുടങ്ങാതെ ഭക്ഷണം എത്തിക്കുന്നതിൽ ഒരിക്കലും അദ്ദേഹം വീഴ്ചവരുത്തിയിരുന്നില്ല .
കഴിഞ്ഞ മഹാപ്രളയകാലത്ത് കാഞ്ഞിരപ്പള്ളിയിൽ ഉണ്ടായിരുന്ന സലിം, തന്റെ സഹോദരീഭർത്താവായ സുനിൽ തേനംമാക്കലിനൊപ്പം ദുരിതം അനുഭവിച്ചിരുന്ന നിരവധിപേർക്ക് നേരിട്ട് അടിയന്തിര സഹായം എത്തിച്ചിരുന്നു. ഒന്നരലക്ഷം രൂപയുടെ കിറ്റുകളാണ് അദ്ദേഹം ഏയ്ഞ്ചൽ വാലിയിലും, കുമരകത്തുമായി വിതരണം ചെയ്തത്. കൂത്താട്ടുകുളം ഭാഗത്തുള്ള, ഒരു കൈ നഷ്ട്ടപെട്ട നിർദ്ധനനായ യുവാവിന് രണ്ടര ലക്ഷത്തിനുമേൽ പണം മുടക്കി, കൃത്രിമകൈ വച്ചുപിടിപ്പിക്കുവാൻ സഹായം ചെയ്തത് അദ്ദേഹത്തിന്റെ പാവങ്ങളോടുള്ള സഹാനുഭൂതിയും കാരുണ്യവും വെളിവാക്കുന്നു.
കാഞ്ഞിരപ്പള്ളി പ്രദേശത്തു നിന്നും നിരവധിപേർക്ക് സൗജന്യമായി വിദേശത്തു ജോലി വാങ്ങി കൊടുത്തിട്ടുള്ള അദ്ദേഹം, അശരണനായ നിരവധിപേർക്ക് വിവിധ സഹായങ്ങളും മുടങ്ങാതെ നല്കാറുണ്ടായിരുന്നു. സഹായത്തിനായി തന്നെ സമീപിക്കുന്ന ആരെയും വെറുംകൈയോടെ അദ്ദേഹം മടക്കി അയക്കാറില്ലായിരുന്നു എന്ന് സുനിൽ തേനംമാക്കൽ സാക്ഷ്യപ്പെടുത്തുന്നു .
സലിം വെളിയത്തിന്‍റെ ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.മൃതദേഹം ഞായറാഴ്ച രാവിലെ 7 മണിയോടെ റിയാദില്‍നിന്നും കാഞ്ഞിരപ്പള്ളിയിലെ വസതിയിലെത്തിക്കും. തൊടുപുഴ സ്വദേശിയായിരുന്ന സലിം വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളിയിലാണ് സ്ഥിരതാമസം. ഭാര്യ റിനി കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റിസല്‍ വി സലിം, റാഹില്‍ വി സലിം. റാഹിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായാണ് .






