സമഗ്ര ജലവിതരണ പദ്ധതിയുടെ ഭാഗമായി വെള്ളം കനകപ്പലത്തേക്ക് : പൈപ്പ് ലൈൻ പണികൾ തുടങ്ങി.

എരുമേലി : സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കുന്ന പണികളുടെ ഭാഗമായി കനകപ്പലം ഭാഗത്തും പണികൾ തുടങ്ങി. വാർഡിൽ കരിമ്പിൻതോട് ഭാഗത്ത്‌ റോഡിന്റെ വശം കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ പണികൾ പൂർത്തിയാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം ജല വിതരണ ട്രയൽ റൺ നടത്തും. അപാകതകൾ ഉണ്ടെന്ന് കണ്ടാൽ പരിശോധിച്ച് പരിഹരിക്കും. ഇതിന് ശേഷം ജല വിതരണം ആരംഭിക്കും.

ഒപ്പം ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള അപേക്ഷകളിൽ നടപടികൾ സ്വീകരിക്കും. പമ്പയാറിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മുക്കൂട്ടുതറ എംഇഎസ് കോളേജിന് സമീപത്തെ പ്ലാന്റിൽ വെള്ളം ശുദ്ധീകരിക്കും. തുടർന്നാണ് പൈപ്പ് ലൈനുകൾ വഴി വിതരണം നടത്തുന്നത്. നിലവിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം നടക്കുന്നുണ്ട്. പമ്പയാറിലെ പെരുന്തേനരുവിയിൽ കെഎസ്ഇബി യുടെ ഡാമിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. മഴക്കാലത്ത് മാത്രമാണ് ഈ ഡാമിലെ വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് എടുക്കുന്നത്. വേനലിൽ വൈദ്യുതി ഉൽപ്പാദനമില്ലാത്തതിനാൽ ജല വിതരണത്തിന് വെള്ളം സുലഭമാണെന്ന് ജല അതോറിറ്റി അറിയിച്ചു.

error: Content is protected !!