കൊക്കോയ്ക്ക് ഭീഷണിയായി മലയണ്ണാൻ
എരുമേലി ∙ കൊക്കോ വില ഉയർന്നപ്പോൾ മലയോര മേഖലകളിലെ കൊക്കോ കൃഷിക്ക് ഭീഷണിയായി മലയണ്ണാനും കുരങ്ങും മരപ്പെട്ടിയും. വനമേഖലയിൽ നിന്ന് എത്തുന്ന മലയണ്ണാനും കുരങ്ങുകളും മരപ്പെട്ടിയും കൊക്കോ കായകൾ പാകമാകുന്നതിനു മുൻപ് തിന്നു തീർക്കുന്നു. ഇതുമൂലം വില വർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
റബർ വിലയിടിഞ്ഞതോടെ കർഷകർ റബർ തോട്ടങ്ങളിൽ ഇടവിളയായി കൊക്കോ കൃഷി വ്യാപകമായി ചെയ്തിരുന്നു. മുൻപ് കാര്യമായ വരുമാനം ലഭിക്കാത്തതിനാൽ കൊക്കോ കൃഷി വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കൊക്കോവില ഉയർന്നതോടെയാണ് കർഷകർ കൃഷി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. പച്ച കൊക്കോ കായ്ക്ക് കിലോ 250 രൂപയും ഉണക്ക കൊക്കോ കിലോയ്ക്ക് 820 രൂപ വരെയും വില ഉയർന്നിട്ടുണ്ട്. ഇത് ഇതുവരെ ലഭിച്ചതിന്റെ പരമാവധി വിലയാണ്. മുൻപ് പച്ച കൊക്കോ കിലോ വില 35 രൂപ വരെയായി താഴ്ന്നിരുന്നു. കൊക്കോയുടെ വിദേശത്തുനിന്നുളള ഇറക്കുമതി കുറഞ്ഞതാണ് ഇപ്പോൾ വില ഉയരാൻ കാരണമായതെന്നു പറയുന്നു.
കണമലയാണ് കൊക്കോയുടെ പ്രധാന വിപണന കേന്ദ്രം. തുലാപ്പള്ളി, പമ്പാവാലി, മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, കാളകെട്ടി, എഴുകുംമൺ, 10 ഏക്കർ, അരുവിക്കൽ തുടങ്ങിയ വനമേഖലയുമായി ചേർന്ന പ്രദേശങ്ങളിലാണ് കൊക്കോക്കൃഷി വ്യാപകമായി നടക്കുന്നത്. എന്നാൽ മലയണ്ണാനും കുരങ്ങുകളും മരപ്പെട്ടിയും വ്യാപകമായി തോട്ടങ്ങളിലേക്ക് എത്തി കൊക്കോ കായ മുഴുവൻ തുരന്ന് തിന്നു തീർക്കും. ഒരു ദിവസം കൊണ്ട് ഒരു മേഖലയിലെ മുഴുവൻ കൊക്കോക്കായും ഇവ തിന്ന് തീർത്തിട്ടു വനം കയറി പോകും. കർഷകർക്ക് കാഴ്ചക്കാരായി നിൽക്കാൻ മാത്രമാണ് കഴിയുക. മുൻപ് സാധാരണ അണ്ണാന്റെ ശല്യം ഉണ്ടായിരുന്നു. എന്നാൽ ഇവ കൊക്കോ കായയുടെ പുറത്തെ തൊലി തിന്ന ശേഷം കായകൾ തുരന്ന് പുറത്ത് തള്ളുകയാണ് ചെയ്തിരുന്നത്. കർഷകർ ഇവ പെറുക്കി ശേഖരിക്കുമായിരുന്നു. ഭൂരിഭാഗവും കർഷകർക്ക് വിളഞ്ഞ് പറിക്കാൻ കഴിയാറില്ല.
വലുപ്പമുള്ള പഴുത്ത കൊക്കോ ആണെങ്കിൽ 2 കായയുടെ കുരു ഒരു കിലോ വരെ വരുമായിരുന്നു. 3 കിലോ പച്ച കൊക്കോ ഉണങ്ങിയാൽ ഒരു കിലോ ഉണക്ക കൊക്കോ ലഭിക്കുമായിരുന്നു. ചൂടും വരൾ്ച്ചയും മൂലം കൊക്കോ കായകൾ ചെറുതാണെന്നും വേണ്ടത്ര വിളയാതെ പറിക്കുന്നതുമൂലം ഉണക്ക തൂക്കം കുറവാണെന്നും കാളകെട്ടിയിലെ കൊക്കോ വ്യാപാരിയായ രാജു വാരിക്കാട്ട് പറയുന്നു.
എരുമേലി പഞ്ചായത്തിൽ മാത്രം 10 ഏക്കർ സ്ഥലത്ത് കൊക്കോ കൃഷി ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. റബർ വിലക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് കൊക്കോ കൃഷി അധിക വരുമാനം നൽകുന്നുണ്ട്.