53 വർഷത്തിന് ശേഷം സ്കൂൾ മുറ്റത്ത് വീണ്ടും എത്തിയപ്പോൾ ആ 78 പേരും വീണ്ടും പൊടിമീശക്കാരായി…

എരുമേലി : പ്രായം കടന്നെങ്കിലും പഴയ സ്കൂൾ പഠന കാലം അവർ മറന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ ഒരുമിച്ചു കൂടുന്ന കൂട്ടായ്മയിൽ ഇത്തവണയും ഒരുമിച്ചു കണ്ടപ്പോൾ 53 വർഷം മുമ്പുള്ള അവരുടെ പഴയ ക്ലാസ് മുറിയും ഓർമകളും വഴക്കും ഇണക്കങ്ങളും സമരങ്ങളും മനസിലേക്ക് ഓടിയെത്തി.

എരുമേലി സെന്റ് തോമസ് സ്കൂളിലെ 1971 ലെ ബാച്ച് വിദ്യാർത്ഥികൾ ആണ് കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫ്രണ്ട്‌സ് ” കൂട്ടായ്‌മ എന്ന പേരിൽ സംഗമം നടത്തിയത്. രണ്ട് വർഷത്തിൽ ഒരിക്കൽ ആണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എരുമേലി കൊരട്ടി പിൽഗ്രിം സെന്ററിൽ നടത്തിയ കൂട്ടായ്മ സംഗമത്തിൽ 78 പേർ പങ്കെടുത്തു.

സഹപാഠികളിൽ വിട്ടുപിരിഞ്ഞവരെ ഓർമ്മിച്ചുകൊണ്ടായിരുന്നു കൂട്ടായ്മയുടെ ആരംഭം. പൂർവ അധ്യാപകരായ എ ടി മാത്യു അറയ്ക്കലും എൻ എസ് ജോസഫ് നരിക്കാട്ടും കൂട്ടായ്മയിൽ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ളവരും ,വിവിധ മേഖലകളിൽ വ്യാപരിക്കുന്നവരും ,വിശ്രമ ജീവിതത്തിലേക്ക് കടന്നവരുമൊക്കെയായിരുന്നു സംഗമത്തിൽ എത്തിയവരിൽ ഏറെയും. അമേരിക്കയിൽ ഉള്ള ഉറുമ്പിൽ യൂ എം മത്തായി ആണ് കൂട്ടായ്മയുടെ പ്രധാന ആസൂത്രകൻ .എൻ എം ബഷീറിന്റെ നേതൃത്വത്തിൽ ഫാ .റോയി മാത്യു ,രാജു സഞ്ചയത്തിൽ ,ഷാജി നെൽപുരക്കൽ ,ഹസ്സൻകുട്ടി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. രണ്ടുവർഷം കഴിഞ്ഞു വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒത്തുകൂടാം എന്ന കരുതലോടെയാണ് സ്നേഹവിരുന്ന് നുണഞ്ഞു “സെന്റ് തോമസ് ഫ്രണ്ട്‌സ് ” കൂട്ടായ്‌മ മടങ്ങിയത്.

error: Content is protected !!