ശബരിമല തീർത്ഥാടന ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു ; നാല് വയസുകാരൻ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്
എരുമേലി. തുലാപ്പള്ളി നാറാണംതോട് മന്ദിരംപടിയിൽ ശബരിമല തീർത്ഥാടക വാഹനം മാറിഞ്ഞ് നാലു വയസുകാരൻ മരിച്ചു.തമിഴ്നാട് സ്വദേശി അഡ്വ രാജശേഖര വർമ്മയുടെ മകൻ കെവിൻ (6) ആണ് മരിച്ചത്. തമിഴ്നാട് തിരുവണ്ണപുരം സ്വദേശികളായ 12 അംഗ സംഘമാണ് മിനിബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 8 പേർക്കു പരുക്കേറ്റു. ഇവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അഞ്ച് പേർക്ക് ഗുരുതര പരുക്കുണ്ട്. സംഘം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
കണമല : മിനി ബസ് മറിഞ്ഞപ്പോൾ അടിയിൽ പെട്ട് ശബരിമല തീർത്ഥാടകനായ ആറ് വയസുകാരൻ തൽക്ഷണം മരിച്ചത് നാടിനെ നടുക്കിയ നൊമ്പര കാഴ്ചയായി. ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരിയും ഉൾപ്പടെ എട്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ എരുമേലി – പമ്പ ശബരിമല പാതയിൽ തുലാപ്പള്ളിയ്ക്കും നാറാണംതോടിനും ഇടയിൽ മന്ദിരം പടിയ്ക്ക് സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് തിരുവണ്ണാപുരം സ്വദേശികളായ 12 അംഗ സംഘം സഞ്ചരിച്ച മിനി ബസ് ആണ് വളവ് തിരിഞ്ഞ് എത്തിയപ്പോൾ റോഡിൽ പെട്ടന്ന് മറിഞ്ഞത്. തിരുവണ്ണാപുരം സ്വദേശി അഡ്വ രാജശേഖരവർമയുടെ മകൻ കവിൻ (ആറ്) ആണ് മരിച്ചത്.
നൊമ്പരം ഈ കാഴ്ച.
അപകടത്തിൽ മരിച്ച മകന്റെ മൃതദേഹം കാണാനാകാതെ പരിക്കുകൾ മൂലം ആശുപത്രിയിലായ പിതാവിന്റെ അരികിൽ പരിക്കുകളുമായി മകളും കഴിയുന്നത് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായി. മരിച്ച കവിന്റെ പിതാവും സഹോദരിയും പരിക്കുകളോടെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഉൾപ്പടെ ഗുരുതര പരിക്കുകൾ ഉള്ള സുബ്രമണി, രാജ് കുമാർ, കൃഷ്ണ റെഡി, ശക്തിവേൽ എന്നിവരും അസീസി ആശുപത്രിയിൽ ചികിത്സയിലാണ്. കവിന്റെ മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ ആണ് എത്തിച്ചത്. ഇവിടെ പമ്പ പോലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമെന്ന് ആശുപത്രിയിൽ എത്തിയ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.
അപകടം എങ്ങനെയെന്നറിയില്ല
മന്ദിരം പടിയുടെ മുകളിലെ ജങ്ഷനിൽ മിനി ബസ് നിർത്തി ഹോട്ടലിൽ നിന്നും എല്ലാവരും ഭക്ഷണം കഴിച്ച ശേഷം യാത്ര പുറപ്പെട്ട് അഞ്ച് മിനിറ്റ് ആകും മുമ്പെ ആണ് അപകടമെന്ന് ബസിലെ തീർത്ഥാടകരിൽ നിസാര പരിക്കേറ്റയാൾ പറഞ്ഞു. എങ്ങനെ ആണ് അപകടം സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കും വ്യക്തമല്ല. വളവ് തിരിഞ്ഞു വന്ന ശേഷം ആണ് പെട്ടന്ന് ബസ് മറിഞ്ഞതെന്നും ബസിന് വേഗത കൂടുതൽ അല്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു. വാർഡ് അംഗം ശ്യാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. അൽപ സമയത്തിനകം നിലയ്ക്കൽ സ്റ്റേഷനിൽ നിന്നും പോലീസും ഒപ്പം ഫയർ ഫോഴ്‌സും എത്തി. മറിഞ്ഞ ബസിന്റെ അടിയിൽ പെട്ട് ചതഞ്ഞരഞ്ഞ നിലയിൽ ആയിരുന്നു കവിൻ. പുറത്തേക്ക് എടുക്കുമ്പോൾ ജീവൻ ഇല്ലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി റോഡിലെ രക്തവും വാഹനത്തിന്റെ ഇന്ധനവും ഓയിലും അവശിഷ്‌ടങ്ങളും നീക്കി കഴുകി വൃത്തിയാക്കിയ ശേഷം ആണ് ഫയർ ഫോഴ്സ് സംഘം മടങ്ങിയത്. മറിഞ്ഞ മിനി ബസ് ക്രയിൻ ഉപയോഗിച്ച് സ്ഥലത്ത് നിന്നും നീക്കി.
ചികിത്സയ്ക്ക് ദൂരമേറെ.
അത്യാഹിതങ്ങൾ ഏറെ സംഭവിക്കുന്ന ശബരിമല പാതയിൽ അടിയന്തിര ചികിത്സാ സംവിധാനമില്ലാത്തത് അപകടത്തിലെ പരിക്കുകൾ ഗുരുതര സ്ഥിതിയിലെത്തിക്കുന്നു. എരുമേലി മുതൽ പമ്പ വരെ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ മാത്രം ആണ് സർക്കാർ ആശുപത്രിയുള്ളത്. ഈ ആശുപത്രികളിൽ രണ്ടര മാസമുള്ള ശബരിമല സീസണിൽ മാത്രം ആണ് അത്യാഹിത ചികിത്സയുള്ളത്. പാതയിൽ മുക്കൂട്ടുതറയിലുള്ള അസീസി ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെങ്കിലും സർക്കാർ സംവിധാനം കാര്യക്ഷമമല്ലാത്തത് രക്ഷാ പ്രവർത്തനങ്ങൾക്ക് താമസം സൃഷ്ടിക്കുന്നു. ഗുരുതര പരിക്ക് സംഭവിച്ചാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും എത്തിക്കേണ്ടി വരുന്നു. ദൂരം ഏറെയുള്ള ഈ ആശുപത്രികളിൽ എത്തിക്കുമ്പോൾ രോഗികൾ മരണത്തിന്റെ വക്കിൽ എത്തുന്ന സ്ഥിതിയാണ്. അപകടങ്ങളിൽ അടിയന്തിര ചികിത്സ ലഭ്യമാകുന്ന നിലയിൽ ശബരിമല പാതയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.