കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്താൽ പിന്നീട് ഒരിക്കലും കോവിഡ് രോഗം വരാതിരിക്കുമെന്ന് ഉറപ്പുണ്ടോ ? നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും ..
കോവിഡ് വാക്‌സിനേഷൻ എടുത്താൽ നമുക്ക് ഉടനെത്തന്നെ പ്രതിരോധ ശേഷി കൈവരിക്കുമോ ? ആദ്യ കുത്തിവെപ്പിനുശേഷം സമൂഹത്തിൽ അടുത്തിടപഴകാൻ സാധിക്കുമോ? ഒരിക്കൽ കുത്തിവെപ്പെടുത്താൽ പിന്നീട് ഒരിക്കലും കോവിഡ് പിടികൂടില്ലേ? കുത്തിവെപ്പെടുത്താൽ മുഖാവരണം, കൈകഴുകൽ എന്നിവ തുടരേണ്ടതുണ്ടോ? എല്ലാവർക്കും കുത്തിവെപ്പ് നൽകിക്കഴിഞ്ഞാൽ പഴയ ജീവിതരീതികളിലേക്ക് നമുക്ക് തിരിച്ചുപോകാൻ സാധിക്കുമോ ? കുത്തിവെപ്പെടുക്കേണ്ട കാര്യമില്ല. രോഗം വന്നുപോകുമ്പോൾ പ്രതിരോധശേഷി ലഭിക്കും- ഈ ചിന്ത എത്രമാത്രം ശരിയാണ്?
വാക്സിനേഷനുശേഷം തുടരേണ്ട ശീലങ്ങളെക്കുറിച്ച് പലകോണിലും സംശയങ്ങളുണ്ട്. അതിനുള്ള ഉത്തരങ്ങൾ
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ പ്രതിരോധകുത്തിവെപ്പിനാണ് രാജ്യത്ത് തുടക്കമായത്. . എന്നാൽ, പ്രതിരോധമരുന്ന് നൽകിത്തുടങ്ങിയതുകൊണ്ടുമാത്രം നാം പഴയശീലങ്ങളിലേക്ക് മടങ്ങിപ്പോകാറായോ?
ആദ്യ കുത്തിവെപ്പിനുശേഷം സമൂഹത്തിൽ അടുത്തിടപഴകാൻ സാധിക്കുമോ? ഈ ഘട്ടത്തിൽ നമ്മളിൽനിന്ന് മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുണ്ടോ?
ആദ്യ കുത്തിവെപ്പ് സ്വീകരിച്ചാൽ നമുക്ക് രോഗം വരില്ല എന്ന് കരുതുന്നത് തെറ്റാണ്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെടുന്നത്. ആദ്യ കുത്തിവെപ്പ് സ്വീകരിച്ച് മൂന്നാഴ്ചയ്‌ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും നമുക്ക് രോഗം പിടിപെടാം. ചെറിയതോതിലെങ്കിലും രോഗപ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ മൂന്നാഴ്ചയെങ്കിലുമെടുക്കണം. അപ്പോഴും നമുക്ക് രോഗവാഹകരാകാൻ സാധിക്കും. രണ്ടാമത്തെ കുത്തിവെപ്പ് സ്വീകരിച്ച് നാലാഴ്ചയ്ക്കുശേഷമാണ് പൂർണമായും പ്രതിരോധശേഷി ലഭിക്കുന്നത്. പിന്നീട് നമുക്ക് കോവിഡ് കാരണം മരണമോ ഗുരുതര ആരോഗ്യപ്രശ്നമോ ഉണ്ടാവില്ല എന്നത് 99 ശതമാനം പറയാൻ സാധിക്കും.
ഒരിക്കൽ കുത്തിവെപ്പെടുത്താൽ പിന്നീട് ഒരിക്കലും കോവിഡ് പിടികൂടില്ലേ?
അങ്ങനെ പറയാൻ പറ്റില്ല. വാക്സിന്റെ പ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ ഒരു വർഷംവരെ നീണ്ടുനിൽക്കും. അതുകൊണ്ട് ആ കാലയളവിൽ രോഗം പിടികൂടില്ലെന്ന് ഉറപ്പുപറയാം.
കുത്തിവെപ്പെടുത്താൽ മുഖാവരണം, കൈകഴുകൽ എന്നിവ തുടരേണ്ടതുണ്ടോ?
നിർബന്ധമായും തുടരണം. മരുന്ന് ശരീരത്തിലെത്തിക്കഴിഞ്ഞാൽ പ്രതിരോധശേഷി കൈവരിച്ചെന്നു കരുതരുത്. ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം മുഖാവരണം മാറ്റുക, സാമൂഹികഅകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകൾ നിങ്ങളെ കോവിഡ് രോഗിയാക്കാൻ സാധ്യതയുണ്ട്.
എല്ലാവർക്കും കുത്തിവെപ്പ് നൽകിക്കഴിഞ്ഞാൽ പഴയ ജീവിതരീതികളിലേക്ക് നമുക്ക് തിരിച്ചുപോകാൻ സാധിക്കുമോ
വർഷങ്ങൾക്കുമുമ്പ് സമാനമായ സാഹചര്യമുണ്ടായത് 1918-ലെ സ്പാനിഷ് ഫ്ളൂ വന്നപ്പോഴാണ്. ആ മഹാമാരിയിൽനിന്ന് ജനജീവിതം സാധാരണ ഗതിയിലേക്കാവാൻ നാലുവർഷം വേണ്ടിവന്നു. പക്ഷേ, അഞ്ചുകോടി ജനങ്ങളുടെ ജീവനാണ് അന്ന് ബലികൊടുത്തത്. പരമാവധി ജനങ്ങളിൽ വാക്സിൻ ഇമ്മ്യൂണിറ്റി എത്തിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാലും ആറേഴുമാസം കൂടി നമ്മൾ ഇതുപോലെ മുന്നോട്ടുപോകേണ്ടിവരും. ഇപ്പോൾ മുൻനിരക്കാർക്കാണ് വാക്സിൻ നൽകിയത്. ചിലപ്പോൾ ഓഗസ്റ്റ് ആവുമ്പോഴേക്കും നമുക്ക് വാക്സിനേഷൻ വേണ്ടിവരില്ല. ഈ വർഷം അവസാനത്തോടെ ജീവിതം പഴയരീതിയിൽ ആകുമെന്ന് പ്രതീക്ഷിക്കാം
കുത്തിവെപ്പെടുക്കേണ്ട കാര്യമില്ല. രോഗം വന്നുപോകുമ്പോൾ പ്രതിരോധശേഷി ലഭിക്കും- ഈ ചിന്ത എത്രമാത്രം ശരിയാണ്?
വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത്തരമൊരു ചിന്തയുണ്ട്. ഇത് െതറ്റാണ്. ഒരുലക്ഷം പേരിൽ രോഗം വരുമ്പോൾ അതിൽ 50 ശതമാനം പേർക്കാണ് രോഗലക്ഷണമുണ്ടാകുക. കേരളത്തിലെ കണക്കെടുത്താൽ അതിൽ 410 പേർ മരണപ്പെടും. എന്നാൽ, വാക്സിൻ എടുത്തുകഴിഞ്ഞാൽ മരണസാധ്യതയില്ല. ഗുരുതര രോഗലക്ഷണവും വരില്ല. അതുകൊണ്ട് രോഗം വരുന്നതിനെക്കാൾ നല്ലത് കുത്തിവെപ്പ് തന്നെയാണ്.