കുന്നുംഭാഗം സ്പോർട്സ് സ്കൂൾ: ടെൻഡർ ചെയ്യുന്നതിന് നടപടികളായി
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം സ്പോർട്സ് സ്കൂൾ പദ്ധതിക്ക് ടെൻഡർ ചെയ്യുന്നതിനുള്ള നടപടികളായെന്ന് ചീഫ് വിപ് എൻ.ജയരാജ് അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ 27.7 കോടിയുടെ ധനാനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് നിയമസഭയിൽ ചീഫ് വിപ് സബ്മിഷനും അവതരിപ്പിച്ചു. പദ്ധതിയുടെ നിർവഹണ ഏജൻസി സ്ട്രക്ചറൽ ഡിസൈൻ തയാറാക്കി സമർപ്പിച്ചത് കിഫ്ബി പരിശോധിച്ചുവരുന്നതായും ഇതു പൂർത്തിയാക്കി ഉടൻ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്നും ചീഫ് വിപ് അറിയിച്ചു.
സ്പോർട്സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടിസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബാൾ സിന്തറ്റിക് ടർഫ്, സ്പോർട്സ് സ്കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപർപസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോർട്സ് പ്രവൃത്തികൾക്കായുള്ള സ്പെഷൽ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനാണു നിർമാണ ചുമതല.
നിർദിഷ്ട സ്ഥലത്തുള്ള പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കുകയും മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. പഴയ സ്കൂൾ കെട്ടിടത്തിനു പകരമായി എംഎൽഎ ഫണ്ടിൽ നിന്നു 3.7 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പൂർത്തിയാക്കി.
പുതിയ കെട്ടിടത്തിൽ നിലവിലുള്ള എൽപി സ്കൂളിന്റെ ഒന്നു മുതൽ 4 വരെ ക്ലാസുകളും ഹൈസ്കൂളിന്റെ 5 മുതൽ 10 വരെ ക്ലാസുകളും സ്പോർട്സ് സ്കൂളിന്റെ 7 മുതൽ 10 വരെ ക്ലാസുകളും പ്രവർത്തിപ്പിക്കാവുന്ന വിധത്തിലാണു പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. സ്പോർട്സ് സ്കൂൾ വിദ്യാർഥികൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും അവിടേക്കു മാറ്റുകയും ചെയ്തു.
സ്പോർട്സ് സ്കൂൾ നിർമാണം പൂർത്തിയായിക്കഴിഞ്ഞ് അവിടേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തുമെന്നും ചീഫ് വിപ് അറിയിച്ചു.