വീണ്ടും കോസ്‌വേ പാലം മുങ്ങി.. ദുരിത കയത്തിൽ അറയാഞ്ഞിലിമണ്ണ് നിവാസികൾ .

മുക്കൂട്ടുതറ : ശക്തമായ മഴ പെയ്ത് കോസ്‌വേ പാലം മുങ്ങിയാൽ എങ്ങും പോകാതെ വീട്ടിൽ ഇരിക്കേണ്ട സ്ഥിതിയിലാണ് അറയാഞ്ഞിലിമണ്ണിൽ 400 കുടുംബങ്ങളിലായി രണ്ടായിരത്തോളം പേർ. പതിറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തിൽ നിർമിച്ചതാണ് പമ്പയാറിന്റെ കുറുകെ നെടുനീളത്തിൽ ഉയരം കുറഞ്ഞ കോസ്‌വേ പാലം. 2018 ലെ പ്രളയത്തിലെ മണൽ അടിഞ്ഞതോടെ നദിയിൽ ആഴം കുറഞ്ഞതിനാൽ ഇപ്പോൾ ശക്തമായ മഴയിൽ പാലം മുങ്ങുകയാണ്.

ദുരിതമകറ്റുവാൻ മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ പിരിവിട്ട് നടപ്പാലത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ പണി സർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിർമാണം നിർത്തിവെച്ചതാണ്. അന്ന് പണി നിർത്താതെ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ നടപ്പാലം തുണയാകുമായിരുന്നു. പണി നടത്തിക്കോളാമെന്ന് സർക്കാർ പ്രഖ്യാപിച്ചതല്ലാതെ പിന്നെ ഒന്നുമുണ്ടായില്ല. ഇപ്പോൾ കർക്കിടകത്തിന്റെ തോരാ മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ രോഷവും സങ്കടവും പ്രതിഷേധമായി നിറയുകയാണ് നാടെങ്ങും.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കടന്നു ​പോ​കും​വി​ധ​മു​ള്ള ഇ​രു​മ്പു​പാ​ലമായി നടപ്പാലം നിർമിക്കാൻ 2.69 കോടി പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചെന്നും നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പി.​എം.​സി​ക​ളി​ൽ​നി​ന്നും ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​മെ​ന്നും മന്ത്രി ഒ ആർ കേളു കഴിഞ്ഞ ദിവസം നിയമസഭയിൽ എംഎൽഎ പ്രമോദ് നാരായണന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. എന്നാൽ ഈ തുകയ്ക്ക് നിർമാണം നടത്താനാവില്ലെന്നാണ് പൊതു മരാമത്ത് പാലം വിഭാഗം അറിയിച്ചിട്ടുള്ളത്. 2018 ലെ പ്രളയത്തിൽ ഒലിച്ചുപോയ നടപ്പാലം നിർമിച്ച സിൽക്ക് ഏജൻസി ആണ് പുതിയ നടപ്പാലത്തിന് 2.69 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ നിർമാണത്തിന് ഈ ഏജൻസി തയ്യാറല്ല. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. മരാമത്ത് വകുപ്പാകട്ടെ പത്ത് കോടി രൂപയാണ് നിർമാണത്തിന് കണക്കാക്കുന്നത്. ഇ​രു​മ്പും കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ല​വി​ലെ രൂ​പ​രേ​ഖ​യി​ലു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​പ്രാ​പ്യ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ൽ​കി. സ്ഥിതിഗതികൾ ഇതായിരിക്കെ ടെണ്ടർ പരാജയമായാൽ എങ്ങനെ നടപ്പാലം ഉടനെ യാഥാർഥ്യമാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

കഴിഞ്ഞ ദിവസം പാലം മുങ്ങിയപ്പോൾ ജനകീയ യോഗം ചേർന്നിരുന്നു. സർക്കാർ പ്രഖ്യാപനം നടപ്പിലാകാൻ കാത്തിരുന്നാൽ ദീർഘ കാലം വേണ്ടി വരുമെന്ന് പലരും അഭിപ്രായപ്പെട്ടു. മുമ്പ് ചെയ്തത് പോലെ വീണ്ടും പിരിവിട്ട് നടപ്പാലത്തിന്റെ പണി ആരംഭിക്കണമെന്ന വാദമുയർന്നു. സർക്കാർ വാക്ക് പാലിക്കുമെന്നും ഉടനെ നടപ്പാലത്തിന്റെ നിർമാണം തുടങ്ങാൻ നടപടികൾ ഉണ്ടാകുമെന്നും ചിലർ പറഞ്ഞു. ശക്തമായ പ്രക്ഷോഭം നടത്തണമെന്ന ആവശ്യവും ഉയർന്നു.

പമ്പാ നദിക്ക് കുറുകെയുള്ള കോസ്‌വേ പാലം കനത്ത രണ്ട് മഴ പെയ്താൽ മുങ്ങിക്കിടക്കും. ഏക ആശ്രയമായിരുന്ന നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയ ശേഷം മഴക്കാലം നാടിന്റെ ദുരിതകാലമാണ്. മൂന്നുവശവും ഘോരവനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഭൂപ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണ് 400 ഓളം കുടുംബങ്ങള്‍ ഉള്ളതില്‍ പകുതിയോളം പട്ടികജാതി- പട്ടികവര്‍ഗ കുടുംബങ്ങളാണ്.

പാലം മുങ്ങിയാൽ പിന്നെ പുറം ലോകം കാണാൻ ഇപ്പോൾ ആകെയുള്ള വഴി വനത്തിൽ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത കാട്ടുപാതയാണ്. എന്നാൽ ഏത് സമയത്തും കാട്ടാനകൾ എത്തുന്ന ഇതുവഴി പോകുന്നത് മരണം മുന്നിൽ കാണുന്നത് പോലെയുള്ള യാത്രയാണ്.

2018-ലെ പ്രളയത്തിൽ നടപ്പാലം തകർന്നപ്പോൾ അഞ്ച് ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത് നാടിന് മറക്കാനാവില്ല. ഭക്ഷണത്തിനും മരുന്നിനുമായി വലഞ്ഞതിന് ഒടുവിൽ നാട്ടുകാർ ആറിന് കുറുകെ വടംകെട്ടി അതിലാണ് റോപ് വേ മാതൃകയിൽ ഭക്ഷണവും മരുന്നും എത്തിച്ചത്. ഇനി ഈ അനുഭവം ആവർത്തിക്കല്ലേയെന്ന പ്രാർത്ഥനയിലാണ് നാട്.

error: Content is protected !!