കുട്ടികളുടെ സമരം വിജയിച്ചു : എരുമേലി നിർമല സ്കൂളിലെ റോഡ് ശരിയായി.; അഭിനന്ദനങ്ങൾ ..

എരുമേലി : തകർന്ന് അപകടത്തിലായ സ്കൂൾ റോഡ് നന്നാക്കാൻ പ്രതിഷേധ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് മുന്നിൽ ജനപ്രതിനിധികൾ കണ്ണ് തുറന്നു. റോഡിന്റെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് പരാതി പരിഹരിച്ചു അധികൃതർ. എരുമേലി സെന്റ് തോമസ് – നേർച്ചപ്പാറ റോഡിന്റെ തുടക്കത്തിലുള്ള തകർന്ന ഭാഗം ആണ് കോൺക്രീറ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ആരംഭിച്ച പണികൾ വൈകിട്ട് പൂർത്തിയായി. ഇനി ഏതാനും ദിവസത്തേക്ക് റോഡ് അടച്ചിടും. കോൺക്രീറ്റ് പൂർണമായി ഉറച്ച ശേഷം ഗതാഗതം ആരംഭിക്കും. വലിയ കുഴികളായി മാറി റോഡിന്റെ തുടക്ക ഭാഗം തകർന്ന നിലയിൽ അപകട സാധ്യതയിലായിരുന്നു. നിർമല പബ്ലിക് സ്കൂൾ, സെന്റ് തോമസ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, എൽ പി സ്കൂൾ, യു പി വിഭാഗം, എൽകെജി വിഭാഗം, ജീവൻ ജ്യോതി സ്പെഷ്യൽ സ്കൂൾ എന്നീ വിദ്യാലയങ്ങളിലായി മൊത്തം രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ ആണ് പഠിക്കാൻ എത്തുന്നത്. സമീപത്തുള്ള അസംപ്ഷൻ ഫൊറോന പള്ളിയിലേക്കുമുള്ള പ്രധാന റോഡ് കൂടിയാണിത്.

നിവേദനങ്ങൾ നൽകിയിട്ടും റോഡ് നന്നാക്കാൻ നടപടികളായിരുന്നില്ല. തുടർന്നാണ് നിർമല സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ച് പഞ്ചായത്ത്‌ ഓഫിസിലും പോലിസ് സ്റ്റേഷനിലും എത്തി പരാതി നൽകിയത്. ഒപ്പം ജില്ലാ കളക്ടർക്കും പരാതികൾ അയച്ചു. ഇതോടെയാണ് പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട് ദുരന്ത നിവാരണ സ്കീമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. നടപടികൾ സ്വീകരിച്ച പഞ്ചായത്ത്‌ അധികൃതർക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പിറ്റിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.

error: Content is protected !!