ചിറക്കടവ് മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ നാട്ടുചന്തക്ക് ആവേശ തുടക്കം ..
ചിറക്കടവ് : കർഷകർ പതിവായി അനുഭവിക്കുന്ന വിലത്തകർച്ചയ്ക്ക് പരിഹാരമായി, ചിറക്കടവ് പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളായി മാറ്റുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. ശ്രീകുമാർ പറഞ്ഞു. ചിറക്കടവ് മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ കാർഷിക ചന്തയുടെ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .
പിടപിടയ്ക്കുന്ന മീനുകൾ, വിഷരഹിത പച്ചക്കറികൾ, ചേമ്പ് , ചേന, കാച്ചിൽ, കണ്ണിമാങ്ങാ, വീട്ടിലുണ്ടാക്കിയ അച്ചാറുകൾ, ജ്യൂസുകൾ, തേൻ, പലഹാരങ്ങൾ തുടങ്ങിയ ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ.. ചിറക്കടവ് മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഞായറാഴ്ച നാട്ടുചന്തക്ക് ആവേശ തുടക്കം. ചന്തയിൽ വില്പനക്ക് കൊണ്ടുവന്ന സാധനങ്ങൾ ഒരുമണിക്കൂറിനുള്ളിൽ തന്നെ വിറ്റുതീർന്നത് സംഘാടകർക്ക് ആവേശം പകർന്നു.
സംഘത്തിന്റെ ഉദ്ഘാടനം, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുകേഷ് കെ മണി നിർവഹിച്ചു . ചിറക്കടവ് പഞ്ചായത്ത് അംഗം എം ജി വിനോദ് മുഖ്യപ്രഭാഷണം നടത്തി . വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രവീന്ദ്രൻ നായർ ആദ്യ വിൽപ്പന നടത്തി. മണ്ണംപ്ലാവ് കർഷക സംഘത്തിന്റെ പ്രസിഡന്റ് ലാജി മാടത്താന്നികുന്നേൽ സ്വാഗതം ആശംസിച്ചു .
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും, വാങ്ങുന്നതിനും ചന്തയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . നിലവിൽ ഞായറാഴ്ചകളിൽ മാത്രമാണ് കര്ഷകരുടെ നാട്ടുചന്ത പ്രവർത്തിക്കുന്നത്. വളരെ ചെറിയ ഒരു കമ്മീഷൻ മാത്രം സ്വീകരിച്ചുകൊണ്ട്, ഉല്പന്നത്തിന്റെ 90 % വിലയും കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് കർഷക സംഘത്തിന്റെ കാർഷിക ചന്ത പ്രവർത്തിക്കുന്നത് .








