പട്ടയാവകാശ പ്രക്ഷോഭം: അനിശ്ചിതകാല നിരാഹാരം അവസാനിച്ചു
പുഞ്ചവയൽ: മുഴുവൻ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യ മല അരയ മഹാസഭയും പട്ടയാവകാശ പ്രക്ഷോഭ സമിതിയും സംയുക്തമായി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ഇടപെടലിനെത്തുടർന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അടിയന്തരമായി പട്ടയവിതരണ നടപടികൾ ആരംഭിക്കുവാനും സമരപ്പന്തലിൽ നേരിട്ടെത്തി വിവരങ്ങൾ ധരിപ്പിക്കുവാനും ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സ്പെഷൽ ടീമിനെ അടിയന്തരമായി രൂപപ്പെടുത്തി പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി തഹസിൽദാർ പുഞ്ചവയലിലെ സമരപ്പന്തലിൽ നേരിട്ടെത്തി സ്പെഷൽ ടീമിനെക്കുറിച്ച് വിശദീകരിച്ചു. യാതൊരു ആശങ്കയുമില്ലാതെ, റിമാർക്കുകളില്ലാതെ പട്ടയം അനുവദിക്കാനാണ് തീരുമാനം.
തുടർന്ന് ഐക്യ മല അരയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രക്ഷോഭ സമിതി കൺവീനറുമായ പി.കെ. സജീവ്, പ്രക്ഷോഭ സമിതി ചെയർമാൻ പി.ഡി. ജോൺ എന്നിവർ നിരാഹാരം അനുഷ്ഠിക്കുന്ന ഷൈലജ നാരായണൻ, അയന സാബു എന്നിവർക്ക് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.
പട്ടയ വിതരണ നടപടികൾ ആയതിനാൽ പട്ടയവകാശ പ്രക്ഷോഭ സമിതി ഇനി മുതൽ പട്ടയ വിതരണ ജാഗ്രതാ സമിതിയായി പ്രവർത്തിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
പട്ടയം അനുവദിക്കുവാൻ അനുമതി നൽകിക്കൊണ്ട് ജൂണിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആറു മാസമായി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ കർഷകർ 34 ദിവസമായി നടത്തിവന്ന സമര പ്രക്ഷോഭത്തിനാണ് പരിഹാരം കണ്ടത്.
പി.ഡി. ജോൺ, പി.കെ. സജീവ്, എസ്എൻഡിപി യോഗം പ്രസിഡന്റ് വിജയൻ, കുളമാക്കൽ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ബഷീർ ചരളശേരി, പ്രത്യക്ഷ രക്ഷാ ദൈവ സഭ പ്രതിനിധി ഡി.രാജൻ, രവീന്ദ്രൻ പുലിക്കുന്ന്, കൊയ്നോണിയ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി ജോപ്പി ഉലഹന്നാൻ, പ്രഫ. വി.ജി. ഹരീഷ് കുമാർ, പത്മാക്ഷി വിശ്വംഭരൻ, കെ.എൻ. പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നൂറ് കണക്കിന് കർഷകർ ടൗണിൽ പ്രകടനം നടത്തി.
സമര വിജയ വിശദീകരണ ജാഥ നാളെ മുതൽ ആരംഭിക്കും. ഐക്യ മല അരയ മഹാസഭയും ജാഗ്രത സമിതിയും സംയുക്തമായി ഹെൽപ്പ് ഡെസ്കുകളും ആരംഭിക്കും.
