സംവരണ സംരക്ഷണ മുന്നേറ്റ യാത്ര തുടങ്ങി
മുണ്ടക്കയം: പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്ന സംവരണ നയ സമീപനങ്ങള്‍ക്കെതിരേ അഖില തിരുവിതാംകൂര്‍ മലയരയ മഹാ സഭ സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണന് നയിക്കുന്ന സംവരണ സംരക്ഷണ യാത്രയുടെ ഉദ്ഘാടനം പുഞ്ചവയലില്‍ പി.സി. ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
സംവരണ സംരക്ഷണ യാത്ര കോട്ടയം ഇടുക്കി എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളില്‍ പര്യടനം നടത്തും. ഇന്നു കോട്ടയം ജില്ലയിലും 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ഇടുക്കി ജില്ലയിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മറ്റ് ജില്ലകളിലും പര്യടനം നടത്തും.
ഉദ്ഘാടന സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പഴുമല, വൈസ് പ്രസിഡന്റ് പി.ബി. ശ്രീനിവാസന്, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന് സoസ്ഥാന പ്രസിഡന്റ് ജോസഫ് ജേക്കബ്, മലവര്‍ഗ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. സുകു, കേരളാ ഉള്ളാട മഹാസഭ അംഗം ബിജു മണിമല, മൂപ്പന് കൗണ്‍സില്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ബേബിപൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
