ആനക്കാര്യത്തിലെ അൽപം കോട്ടയംകാര്യം

വമ്പിൽ മുമ്പൻ തെച്ചിക്കോട്ടു രാമചന്ദ്രനായിരിക്കാം. എന്നാൽ പേരിലും പെരുമയിലും കോട്ടയത്തെ കൊമ്പൻമാർ ഒട്ടും പിന്നിലല്ല. കേരളക്കരയിലെ ഏതു പൂരത്തിനും കോട്ടയത്തെ കൊമ്പന്മാരുണ്ടാകും. കേരളത്തിലെ മിക്ക ആനകളും മദപ്പാടിലാണ്. എന്നാൽ കോട്ടയത്തെ ആനകൾ പലതും ‘ലൈവാണ്’. പല്ലാട്ട് ബ്രഹ്മദത്തൻ, ഭാരത് വിനോദ്, തിരുനക്കര ശിവൻ എന്നീ ആനകളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. പത്താമുദയം കഴിയുന്നതോടെ ആനകൾ മദപ്പാടിലേക്കു നീങ്ങും. ഇക്കുറി തൃശൂർ പൂരം ഉൾപ്പെടെയുള്ളവ വൈകിയതോടെ ആനകൾക്കു ക്ഷാമം നേരിടുന്നുണ്ട്. വനമേഖലയുടെ സാമീപ്യം മൂലം പണ്ടു മുതലേ നല്ല നാട്ടാനകൾ കോട്ടയത്തിനു സ്വന്തമാണ്. കഴിഞ്ഞ കണക്കെടുപ്പു പ്രകാരം 89 ആനകളാണു ജില്ലയിലുള്ളത്.

സ്റ്റാർ കൊമ്പൻമാർ

പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, തോട്ടുചാലിൽ ബോലെനാഥ്, മഞ്ഞക്കടമ്പിൽ വിനോദ്, ചൈത്രം അച്ചു, ചാന്നാനിക്കാട് വിജയസുന്ദർ, കിരൺ നാരായണൻ കുട്ടി, ഉഷശ്രീ ശങ്കരൻ കുട്ടി തുടങ്ങി കൊമ്പന്മാർക്കാണ് ആരാധകർ ഏറെ. വർഷം ശരാശരി 100 ഉത്സവങ്ങൾക്കു പങ്കെടുക്കുന്നവരാണ് ജില്ലയിലെ മുൻനിരക്കൊമ്പന്മാർ. 

ഏക്കമോ, പറയില്ല

ഏക്കമെത്ര. അതാരും പറയില്ല, ചോദിക്കാറുമില്ല. വേണ്ടപ്പെട്ടവർക്ക് എല്ലാം അറിയാം. 2 ലക്ഷം വരെ ഏക്കം (ആനയുടെ നിരക്ക്) വാങ്ങുന്ന ആനകൾ ജില്ലയിലുണ്ട്. കൊമ്പന്റെ പെരുമ, പൂരക്കാരുടെ വാശി, ആനകളുടെ ലഭ്യത എന്നിവ നോക്കിയാണ് ഓരോ വർഷവും ഏക്കം തീരുമാനിക്കുക. ശിവരാത്രിക്കാണ് ഏറ്റവും കൂടുതൽ ഏക്കം.

കൊമ്പു കുലുക്കി കൊമ്പൻമാർ 

തലയെടുപ്പിൽ മുമ്പൻ പാമ്പാടി രാജൻ തന്നെ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവും പ്രത്യേകത. തടിച്ച നീണ്ടു വളഞ്ഞു കിടക്കുന്ന തുമ്പിക്കൈകൾ, ലക്ഷണമൊത്ത കൊമ്പുകൾ, അമരത്തിനു താഴെ വരെ നീണ്ടു കിടക്കുന്ന ചെറിയ വളവുള്ള വാൽ. കൊമ്പാണ് ഈരാറ്റുപേട്ട അയ്യപ്പന്റെ മേന്മ. ചന്ദനനിറത്തിലുള്ള മദഗിരി (ചന്ദനമിടുന്ന ഭാഗം) യാണ് പല്ലാട്ട് ബ്രഹ്മദത്തന്റെ പ്രത്യേകത. പൊക്കമാണ് പാമ്പാടി സുന്ദരന്റെ എടുപ്പ്. ലക്ഷണമൊത്ത തുമ്പിക്കൈയാണ് ഭാരത് വിനോദിന്റെ അഴക്. രണ്ടറ്റവും കൂട്ടിമുട്ടുന്ന തുമ്പിക്കൈയാണ് തിരുനക്കര ശിവന്റെ ഗാംഭീര്യം. കാഞ്ഞിരക്കാട് ശേഖരന് പൂവാലനെന്നും പേരുണ്ട്. വെളുത്ത് പൂവ് പോലെയാണ് വാല്. നിലത്തിഴയുന്നതാണു തുമ്പിക്കൈ. വിരിഞ്ഞ മസ്തകവും വിടർന്ന ചെവികളും. കൊമ്പുകളും ബോലെനാഥിന്റെ പ്രത്യേകതകളാണ്. 

ആനച്ചന്തം നോക്കുന്നത്

പൊക്കം മുതൽ കാലിലെ നഖം വരെയുള്ള കാര്യങ്ങൾ നോക്കിയാണ് ആനച്ചന്തം കണക്കാക്കുന്നത്. അവ ഇങ്ങനെ

∙ പൊക്കം 10 അടിയിലേറെ.
∙ വിരിഞ്ഞ മുഖം
∙നല്ല ചന്ദന നിറത്തിൽ താഴേക്കു വളഞ്ഞ് അവിടെ നിന്നു മുകളിലേക്കു മെല്ലെ നിവരുന്ന കൊമ്പുകൾ.
∙ ഉയർന്ന വായുകുംഭം. മസ്തകത്തിൽ ചന്ദനം തൊടുന്ന വായുകുംഭം അല്പം മുന്നോട്ട് ഉന്തിയിരിക്കും.
∙ ചെവിയുടെ വലുപ്പം എത്ര കൂടിയാലും അത്രയും നല്ലത്. കീറലില്ലാത്ത ചെവി നല്ല ലക്ഷണം.
∙ നിലത്തിഴയുന്ന തുമ്പിക്കൈ വേണം. കോന്നിയിൽ നിന്നുള്ള ആനകൾക്ക് ഇതാണു പ്രത്യേകത. കോട്ടയത്തെ ആനകൾ കൂടുതലും കോന്നിക്കാരാണ്.
∙ നല്ല കറുപ്പു നിറംവേണം.
∙ വാലിനു നീളം കൂടരുത്. എന്നാൽ കുറയാനും പാടില്ല. ഒടിയാത്ത വാൽ വേണം. നിലത്തു മുട്ടുന്ന വാൽ ലക്ഷണക്കേടുമാണ്.
∙ കാലുകളിൽ 18 നഖമാണ് ശുഭ ലക്ഷണം. മുൻകാലുകളിൽ 5 വീതവും പിൻകാലുകളിൽ 4 വീതവും. 17 നഖം ലക്ഷണക്കേടാണ്. 

error: Content is protected !!