വരുന്നു, കൊതുകുപട

പൊൻകുന്നം∙ ഇടയ്ക്കിടെയുള്ള വേനൽ മഴയും കടുത്ത ചൂടും മൂലം മേഖലയിൽ കൊതുകുകളുടെ സാന്ദ്രത ഏറി. സന്ധ്യയാകുന്നതോടെ വീടുകളിൽ ഇരിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിൽ വൈദ്യുതികൂടി പോകുന്നതോടെ ദുരിതം ഇരട്ടിയാകും. പകൽ സമയങ്ങളിൽ മിന്തു ശല്യവും രൂക്ഷമാണ്. കൊതുകുകളുടെ സാന്ദ്രതയ്‌ക്കൊപ്പം പനി ബാധിതരുടെ എണ്ണവും ഏറിവരികയാണ്. കൊതുകുശല്യം ഏറെയുള്ള മേഖലയിലാണു പനിബാധിതർ ഏറെയുമെന്നതു കൊതുകു നിവാരണം കാര്യക്ഷമമാക്കണമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

∙ റബർ തോട്ടങ്ങൾ ആവാസകേന്ദ്രങ്ങൾ

വേനൽമഴ തുടങ്ങിയതോടെ റബർ തോട്ടങ്ങളാണു കൊതുകുകളുടെ പ്രധാന ആവാസമേഖല. റബർ പാൽ ശേഖരിക്കുന്ന കപ്പുകളിലെ വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്. പെൺകൊതുകുകൾ സാധാരണ 100-200 മുട്ടകൾ വരെയിടും. മുട്ടകൾ വിരിഞ്ഞു കൊതുകുകളാവാൻ രണ്ടാഴ്ച സമയെടുക്കും. വെള്ളത്തിന്റെ ഊഷ്മാവും കാലാവസ്ഥയും മുട്ടവിരിയൽ നാലു ദിവസം മുതൽ ഒരുമാസം വരെയാക്കും. മുട്ടകൾ വിരിഞ്ഞ് ലാർവയും പിന്നീടിത് പ്യൂപ്പയുമാകും. പ്യൂപ്പ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ടു കൊതുകുകളായി തീരും. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം വരെ മാത്രമാണ്.

∙ വേണ്ടത് ഉറവിട നശീകരണം

വീടിന്റെ പരിസരങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ക്യാരിബാഗുകളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കും. മേഖലയിൽ വ്യാപകമായ കൈതത്തോട്ടങ്ങളിൽ കൈതകളുടെ പോളകളിലും എലി, അണ്ണാൻ തുടങ്ങിയവ തുളച്ച് ഉപയോഗശൂന്യമായ കൊക്കോ കായ്കളിലും കൊതുകുകൾ മുട്ടയിടുന്നു. വീടുകളിൽ ഭക്ഷണ ശീതീകരണ യന്ത്രങ്ങളുടെ പിന്നിലെ വെള്ളത്തിലും കൊതുകുകൾ മുട്ടയിടാറുണ്ട്.

കൊതുകുകളെ നിയന്ത്രിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പധികൃർ നിർദേശിക്കുന്നു. മഴവെള്ളം വീടുകളിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുന്നതും ഏറെ ഗുണം ചെയ്യും. ക്ലോറിൻ പൊടി എല്ലാ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

error: Content is protected !!