കാഞ്ഞിരപ്പള്ളിയിൽ പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിൽ പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിൽ മുന്നണികൾ. മൂന്ന് മുന്നണികൾക്കും സ്ഥാനാർഥികളായതോടെ മണ്ഡലം വാശിയേറിയ പേരാട്ടത്തിലേക്ക് കടന്നു. സംസ്ഥാനത്തെ തന്നെ മികച്ച മത്സരം നടക്കുന്ന മണ്ഡലമായി കാഞ്ഞിരപ്പള്ളി മാറി.

യു.ഡി.എഫ്. സ്ഥാനാർഥി ജോസഫ് വാഴയ്ക്കന്റെ പ്രചാരണം തിങ്കളാഴ്ച ഔദ്യോഗികമായി ആരംഭിക്കും. രാവിലെ 10.30-ന് സ്ഥാനാർഥിക്ക് സ്വീകരണം നൽകി കുരിശുങ്കലിൽനിന്ന് റോഡ് ഷോ നടത്തും. നേരത്തേ മതനേതാക്കളെയും കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. നേതാക്കളെയും പ്രവർത്തകരെയും ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചിരുന്നു. പൊൻകുന്നത്ത് നടത്തിയ നേതൃയോഗം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം കറുകച്ചാലിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്‌ നടക്കുന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടാകും പ്രചാരണത്തിലേക്ക് രംഗപ്രവേശം ചെയ്യുക. കറുകച്ചാലിൽ സ്ഥാനാർഥിക്ക് വൻസ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.

എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. എൻ.ജയരാജ് നേരത്തേ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പോസ്റ്ററുകളും ഫ്ളെക്‌സുകളും സ്ഥാപിച്ച് കൂടുതൽ പേരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുകയാണ് ഡോ. എൻ.ജയരാജ്.

എൽ.ഡി.എഫിന് നവമാധ്യമ വിഭാഗം

എൽ.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഡോ. എൻ.ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവമാധ്യമ വിഭാഗം കമ്മിറ്റി രൂപവത്കരിച്ചു. കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു. നവമാധ്യമ വിഭാഗം കമ്മിറ്റി പ്രസിഡന്റായി ഡോ. ബിബിൻ കെ.ജോസ്, സെക്രട്ടറിയായി അരുൺകുമാർ, കൺവീനറായി ജോസ് സിറിയക് എന്നിവർക്ക് ചുമതല നൽകി. റിച്ചു സുരേഷ്, ഷിബു ഇരുമേട (ജോയിന്റ് സെക്രട്ടറി), ദീപു എസ്., നിഷാൽ (വൈസ് പ്രസിഡന്റ്), മനോജ് മറ്റമുണ്ടയിൽ (മീഡിയ കോ-ഓർഡിനേറ്റർ)

എൻ.ഡി.എ. തിരഞ്ഞെടുപ്പ് ഓഫീസ് തുറന്നു

പൊൻകുന്നം: എൻ.ഡി.എ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊൻകുന്നം സ്വദേശ് റസിഡൻസിയിൽ തുറന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.മനോജ്, ജില്ലാ സെക്രട്ടറി വി.സി. അജികുമാർ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ കെ.ജി.കണ്ണൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയകുമാർ മഠത്തിൽ, ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!