വാഹനത്തിലെ ക്ലച്ച് ചവിട്ടേണ്ടത് ഇങ്ങനെ?, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഡ്രൈവിങ് പഠിക്കുന്നവരുടെ പേടിസ്വപ്നമാണ് ക്ലച്ച്. അതുകൊണ്ടാകണം എല്ലാം പഠിച്ചുകഴിഞ്ഞാൽ വൈരാഗ്യം തീർക്കുന്നതുപോലെ പലരും ക്ലച്ചിനെ ചവുട്ടിത്തേയ്ക്കുന്നത്. മാനുവൽ കാറുകളിൽ ഒരുപക്ഷേ ഏറ്റവും മോശമായി പരിപാലിക്കപ്പെടുന്നത് അതിലെ ക്ലച്ച് ആയിരിക്കും. ക്ലച്ച് കേബിളും പാഡും മാറ്റേണ്ടി വരുമ്പോൾ മാത്രമാണ് അതോർത്ത് പശ്ചാത്തപിക്കേണ്ടി വരുന്നത്. ക്ലച്ച് നേരേചൊവ്വേ ചവുട്ടിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും എന്നതു തന്നെ കാര്യം. ചില ചില്ലറ ശ്രദ്ധ ക്ലച്ചിന്റെ കാര്യത്തിലായാൽ ഈ അമിത ചെലവ് ഒഴിവാക്കാം.
ഗിയർ മാറേണ്ടപ്പോൾ മാത്രം ക്ലച്ചിൽ കാൽ വയ്ക്കുക. അല്ലാത്ത സമയത്ത് ക്ലച്ചിന്റെ ഏഴയലത്ത് നിങ്ങളുടെ കാൽ കൊണ്ടുവരരുത്. ക്ലച്ച് പെഡലിലെ നേരിയെ സ്പർശം പോലും അതിൽ മർദം ഉണ്ടാക്കുകയും, സങ്കീർണമായ ഗിയർ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കയറ്റം ഇറങ്ങുമ്പോഴും കയറുമ്പോഴും തുടർച്ചയായി ഹാഫ് ക്ലച്ചിൽ ആക്സിലേറ്റർ കൊടുക്കുന്നത് നല്ലതല്ല. പരമാവധി ഗിയറിൽ തന്നെ വാഹനം ഓടിക്കാൻ ശ്രമിക്കുക. കയറ്റത്തിൽ നിർക്കേണ്ടി വരുമ്പോൾ ക്ലച്ചിനു പകരം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുക. നഗരത്തിരക്കിൽ ഹാഫ് ക്ലച്ചിൽ വാഹനം ഓടിക്കുന്നതും ശരിയല്ല. ക്ലച്ചിൽനിന്നു കാലെടുക്കുന്നതിനൊപ്പം 1200–1300 ആർപിഎമ്മിൽ ആക്സിലേറ്റർ കൊടുത്തു വേണം വാഹനം മുന്നോട്ടെടുക്കാൻ. വെറുതെ ക്ലച്ചിൽ നിന്നു കാലെടുത്ത് വാഹനം നിരക്കിയോടിക്കുന്നത് നന്നല്ല.
ഒരു ഗിയറിൽനിന്നു മറ്റൊരു ഗിയറിലേക്കു മാറ്റുന്ന ഇടവേളകളിൽ വാഹനത്തിനു കൂടുതൽ കുതിപ്പു കിട്ടാൻ പലരും ക്ലച്ചിൽനിന്നു പൂർണമായും കാലെടുക്കാറില്ല. ഇതും ക്ലച്ചിന് ദോഷകരമാണ്. ദീർഘനേരം ട്രാഫിക്കിൽ നിർത്തിയിടേണ്ടി വരുമ്പോൾ ഗിയറിലിട്ട്, ക്ലച്ച് ചവുട്ടിപ്പിടിക്കുന്നതിനു പകരം വാഹനം ന്യൂട്രലിൽ ഇടുന്നതാണ് ആരോഗ്യകരം.