കാഞ്ഞിരപ്പള്ളി എന്ന എന്റെ നാടിനെക്കുറിച്ച്..
കാഞ്ഞിരപ്പള്ളി എന്ന എന്റെ നാടിനെക്കുറിച്ച്..
എനിക്ക് പറയാൻ ചിലതുണ്ട്…
ആയിരം നാവുമുണ്ട്…. 💚
റബറിന്റെ തലസ്ഥാനമായ എന്റെ നാട് കാഞ്ഞിരപ്പള്ളി, കോട്ടയം ജില്ലയിലെ ഒരു
പ്രമുഖ താലൂക്കും വില്ലേജ് ആസ്ഥാനവും
അറിയപ്പെടുന്ന ഒരു ചെറു പട്ടണവുമാണ്.
ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്നും ഏതാണ്ട് 38KM ദുരത്തിലുള്ള കാഞ്ഞിരപ്പള്ളി ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ
കൊണ്ട് മലനാടിന്റെ കവാടം എന്നും അറിയപ്പെടുന്നു,
കാഞ്ഞിരപ്പള്ളിയിലൂടെ കടന്നുപോകുന്ന
പഴയ KK റോഡ് ഇന്നു ദേശിയ പാതയാണ്,
കൊല്ലം -തേനി ദേശീയ പാതയുടെ ഭാഗമായ
ഈ ദേശീയപാത ഇപ്പോൾ NH 183 ആയി അറിയപ്പെടുന്നു. കുരിശുകവല മുതൽ
ചന്തക്കവലയും പേട്ട ക്കവലയും പിന്നിട്ട് 26മൈലിൽ അവസാനിക്കുന്നതാണ് കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജനസഞ്ചയ കേന്ദ്രം, ഇതിന്റെ ഇരുകരകളിലാണ് ജന
വാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും
കച്ചവട സ്ഥാപനങ്ങളും പിന്നെ പൊതു സ്ഥാപനങ്ങളും, ഇതു കൂടാതെ പ്രധാന സെൻട്രൽ ജങ്ഷനായ പേട്ടക്കവലയിൽ
നിന്നും തിരിയുന്ന സംസ്ഥാന പാതയായ ഈരാറ്റുപേട്ട റോഡിന്റെ (KE റോഡ് ) ഇരുഭാഗങ്ങളും കൂടി ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്,
ഒരു കാലഘട്ടത്തിൽ ഏലവും കുരുമുളകും കാപ്പിയും തേയിലയും അടങ്ങിയ സുഗന്ധ
ദ്രവ്യങ്ങളും പിന്നെ റബറും എല്ലാം കാള വണ്ടിയിലേറി കിഴക്കു നിന്നും അറബി
കടലിന്റെ റാണിയായ കൊച്ചിയെ തേടി ഓടിയിരുന്നത് ഈ മലമ്പാതകളിലൂടെ യായിരുന്നു, ബ്രിട്ടിഷുകാരന്റെ കുതിര കുളമ്പടിയും കാളവണ്ടികളുടെ മണിയടിയും മുഴങ്ങിയിരുന്ന പഴയ മലമ്പാതകൾ
ഇന്ന് രൂപം മാറി കൂടുതൽ സുന്ദരി
കളായിട്ടുണ്ട്, അതുപോലെ തമിഴ്
നാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നും കേരളത്തിന്റെ പടിഞ്ഞാറൻ മേഖല
യിലേക്കും തീരപ്രദേശങ്ങളിലേക്കും പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പലചരക്ക് സാധനങ്ങൾ പോയിരുന്നതും ഇപ്പോഴും
കടന്നു പൊയ് ക്കൊണ്ടിരിക്കുന്നതും
ഈ നാടിന്റെ പ്രധാന നിരത്തായ
കൊല്ലം -തേനി ദേശീയ പാതയിലൂടെയാണ്,
പച്ചപുതച്ച റബർമരങ്ങളാലും മനോഹര
മായ നിരവധി ഏക്കർ കണക്കിന് മറ്റു കൃഷിയിടങ്ങളാലും ഗ്രാമഭംഗിയുടെ
നിത്യവശ്യത തുടിച്ചു നിൽക്കുന്ന ചെറു റോഡുകളാലും സമ്പന്നമായ കനകപ്പള്ളി
എന്ന കാഞ്ഞിരപ്പള്ളി കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിക്കുന്ന
ഒരു പ്രദേശവും കൂടിയാണ്. എങ്കിലും
ശരിക്കും മിതശീതോഷ്ണ കാലാവസ്ഥ
യാണ് ഇവിടെ എന്നും അനുഭവപ്പെടുന്നത്,
കപ്പയും ചേനയും കാച്ചിലും കാപ്പിയും
വാഴയും കുരുമുളകും ഒക്കെ കൃഷി ചെയ്യുന്നുടെങ്കിലും റബറാണ് ഇവിടത്തെ സാധാരണ ജനങ്ങളുടെ മുഖ്യ കൃഷിയും
വലിയ വരുമാന മാർഗ്ഗവും, മതമൈത്രി
യുടെ കാര്യത്തിൽ ക്രിസ്ത്യാനിയും മുസ്ലിമും
ഹിന്ദുവും ഒരേ മനസ്സോടെ എന്നും കൈകോർക്കുന്ന ഒരു സ്വർഗീയഭൂമിക
യാണ് ഞങ്ങളുടെ സ്വന്തം കാഞ്ഞിരപ്പള്ളി,
വാവർ സ്വാമിയുടെ ജന്മം കൊണ്ട്
അനുഗ്രഹീതമായ അദ്ദേഹത്തിന്റെ
പഴയ തറവാടും ഈ നാട്ടിലായിരുന്നു
വെന്ന് ചില ചരിത്രകാരന്മാർ ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്,
ഏറെ പുരാതനമായ ശ്രീ മധുരമീനാക്ഷി
അമ്മൻ കോവിലും 900 വർഷത്തിൽ അധികം പഴക്കമുള്ള ഗ്രാനൈറ്റിൽ തിളങ്ങുന്ന ഗണപതി യാർ കോവിലും മുസ്‌ലിം ശില്പകലയുടെ തനിമ വിളിച്ചോതുന്ന പുരാതനമായ നൈനാർപള്ളിയും ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ മഹിമ വിളിച്ചു പറയുന്ന തീർഥാടനപുണ്യ കേന്ദ്രമായ
അക്കരഅമ്മയുടെ അക്കരപ്പള്ളിയും
പുത്തൻ പള്ളിയും ലോകസഞ്ചാരിയായ
സൂഫിവര്യൻ ശൈഖ് ഫരീദുദീൻ അവർ
കളുടെ പിച്ചകപ്പള്ളിമേടും എല്ലാം
കാഞ്ഞിരപ്പള്ളി എന്ന ഈ കൊച്ചു
പട്ടണത്തിന്റെ വിളിപ്പാട് അകലെയായി ഇടകലർന്നു നിലകൊള്ളുന്നു,
ബാങ്ക് വിളിയും പള്ളി മണിനാദവും
കീർത്തനങ്ങളും നിറഞ്ഞ ഇവിടത്തെ
ഓരോ പ്രഭാതങ്ങളും കാഞ്ഞിരപ്പള്ളി
ക്കാരന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിലക്കാത്ത മന്ത്രധ്വനികളാണ് എന്നും ഉണർത്തുക. അക്കരപള്ളിയിലെ വിശുദ്ധനായ
സെബസ്ത്യാനോസിന്റെ തിരുനാളും അമ്പലത്തിലെ മണ്ഡല മഹോത്സവവും കാഞ്ഞിരപ്പള്ളിക്കാരന്റെ സ്വന്തം ആഘോഷങ്ങളാണ്, വിശേഷങ്ങളാണ്, തിരുവിതാകൂറിന്റെ താൻസി റാണി
ആയിരുന്ന അക്കാമ്മചെറിയന്റെയും
രാഷ്ട്രീയ കേരളത്തിന്റെ ഒരുകാലത്തെ അറിയപ്പെടുന്ന നേതാവ് കേരള കോൺഗ്രസ് സ്ഥാപകൻ ശ്രീ പി ടി ചാക്കോയുടെയും സാഹിത്യലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി റോസ് മേരിയുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ചിറ്റാറിന്റെ
കരയിലെ ഈ രാഷ്ട്രീയ മണ്ണ് ഇപ്പോൾ
മണ്ഡല പുനർനിർണയം വഴി പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലാണ്,
രാഷ്ട്രീയത്തിലെ പല ഗതിവിഗതികളെയും
നിർണ്ണയിക്കുന്നതിൽ റബർ കര്ഷകരുടെ മണ്ണായ കാഞ്ഞിരപ്പള്ളിക്കും ചെറുതല്ലാത്ത പങ്കുണ്ട്,
തിരുവിതാംകുർ മഹാരാജാക്കൻമാരുടെ പടയോട്ടങ്ങളാൽ ശബ്ദമുഖരിതമായ ഈ മണ്ണിൽ അതിന്റെ ശേഷിപ്പുകൾ പേരുകളിൽ പോലും ഇന്നുമുണ്ട്, പുത്തനങ്ങാടി എന്ന പുരാതന കച്ചവടകേന്ദ്രവും മുക്കവലകളും
എല്ലാം അതിന് ഉദാഹരണങ്ങളാണ്,
ശക്തമായ വെള്ളപ്പൊക്കത്തിൽ
വിസ്മൃതിയിൽ ആയിപ്പോയ പഴയ പഴയങ്ങാടിയും മലഞ്ചരക്ക് സാധന
ങ്ങളുടെ ഒരു കച്ചവടകേന്ദ്രമായിരുന്നു,
പ്രമുഖ തീർത്ഥാടനപുണ്യ കേന്ദ്രമായ,
മത മൈത്രിയുടെ നമ്മുടെ ഭാര്തത്തിന്റെ അടയാളമായ എരുമേലിയുടെയും ലോക സഞ്ചാര ഭൂപടത്തിൽ വിസ്മയമായി വര്ഷങ്ങളായി തുടരുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയുടെയും
യാത്ര വഴിയിലെ ഏവരുടെയും ഒരു
ഇടത്താവളം കൂടിയാണ് കാഞ്ഞിരപ്പള്ളി
എന്ന ഈ കൊച്ചു പട്ടണം,
നിരവധി സിനിമകളുടെ ഷുട്ടിംഗ് നടന്നിട്ടുള്ള, ഇന്നും നടക്കുന്ന കാഞ്ഞിരപ്പള്ളി ഒരു
കണക്കിൽ അച്ചായൻ സിനിമകളുടെ കളിത്തൊട്ടിലാണ്, സിനിമകളിൽ
അച്ചായൻ എന്നു പറഞ്ഞാൽ അത് ഒരു കാഞ്ഞിരപ്പള്ളിക്കാരൻ തന്നെയാവും, മണ്ണിനോടും പ്രകൃതിയോടും പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ച ആ അച്ചായൻ ഏതെങ്കിലും
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ തന്നെയാവും..