വികസന മുരടിപ്പിലേക്കു വിരല്‍ചൂണ്ടി ജോസഫ് വാഴയ്ക്കന്റെ പര്യടനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഒന്നര പതിറ്റാണ്ടുകാലമായി വികസന മുരടിപ്പ് ബാധിച്ച കാഞ്ഞിരപ്പള്ളിയുടെ നീറുന്ന പ്രശ്‌നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പള്ളിയ്ക്കത്തോട് മുണ്ടന്‍കവലയില്‍ നിന്ന് ആരംഭിച്ച പര്യടനം മുന്‍ എംപി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കാര്യപ്രാപ്തിയുള്ള നേതൃത്വത്തിന്റെ കുറവാണ് കാഞ്ഞിരപ്പള്ളി ഇന്ന് അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്കു കാരണമെന്ന് പി.സി. തോമസ് പറഞ്ഞു.

ജനപ്രതിനിധിയെന്ന പ്രശ്‌നങ്ങള്‍ പഠിച്ച് അവതരിപ്പിച്ച് പദ്ധതികള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധി നിലയില്‍ കഴിവു തെളിയിച്ചിട്ടുള്ള ജോസഫ് വാഴയ്ക്കന്റെ നേതൃത്വം കാഞ്ഞിരപ്പള്ളിയുടെ മുന്നേറ്റത്തിനു മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റബര്‍ മേഖലയില്‍ പാരമ്പര്യവും പ്രശസ്തിയുമുള്ള കാഞ്ഞിരപ്പള്ളിക്ക് അര്‍ഹിക്കുന്ന പുരോഗതി ഇനിയും വന്നെത്തിയിട്ടില്ലെന്നു സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സഹായിക്കാത്ത ഇടതുസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ നല്‍കാത്ത മോഹന വാഗ്ദാനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏറെ പസര്യങ്ങളില്‍ പണം ചിലവഴിക്കുന്ന സര്‍ക്കാരാണിതെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും വാഴയ്ക്കന്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം, കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മ്മാണത്തിലെ അനിശ്ചിതാവസ്ഥ, റബര്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങി നിയോജക മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പര്യടനത്തില്‍ വിഷയമായി. ബാബു ജോസഫ്, തോമസ് കുന്നപ്പള്ളി, ജിജി അഞ്ചാനി, അജിത് മുതിരമല, അബ്ദുള്‍കരിം മുസ്ലിയാര്‍, ഗ്രേസമ്മ മാത്യു, കെ.എ. നൗഷാദ്, അഡ്വ. അഭിലാഷ് ചന്ദ്രന്‍, വിജയന്‍ ചിറയ്ക്കല്‍ എന്നിവ പ്രസംഗിച്ചു. ഉദ്ഘാടനശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പര്യടനം ആരംഭിച്ചു. പഞ്ചായത്തിലെ മൈലാടിക്കര, 58 കോളനി, മുക്കോലി, ഉറിക്കുഴ, കുറുംകുടി, ചില്ലോലി, പള്ളിക്കത്തോട്, പെരുങ്ങുളം, കൂട്ടമാവ്, ഹരിപ്പാട് കോളനി, വഞ്ചിപ്പാറ, തെങ്ങുംപള്ളി, മൂലേപ്പീടീക, കുറുങ്ങുപാലം, ചപ്പാത്ത്, ആനിക്കാട്, പൊരുമ്പാറ, വെങ്ങാലത്തുകവല, വേരുങ്കല്‍പാറ, ഇളമ്പള്ളി എന്നിവിടങ്ങളില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നെയ്യാട്ടുശേരിയില്‍ സമാപിച്ചു.

error: Content is protected !!