സ്റ്റേഷന്റെ അതിർത്തികളിൽ ഓടിയെത്തുവാൻ പെടാപ്പാട് പെടുന്ന പോലീസ്

മുണ്ടക്കയം∙ ജില്ലയുടെ കിഴക്കേയറ്റത്തുള്ള മുണ്ടക്കയം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നത് 100 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ്. വിസ്തൃതിയും സേനാബലത്തിലുള്ള കുറവും മൂലം പെടാപ്പാടുപെടുകയാണ് ഉദ്യോഗസ്ഥർ. സ്റ്റേഷൻ അതിർത്തിയായ വാഗമൺ തങ്ങൾപാറയിലേക്കും കോലാഹലമേട്ടിലേക്കുമുള്ള ദൂരം 49 കിലോമീറ്റർ. ദൂരക്കൂടുതൽ മൂലം ക്രമസമാധാന പരിപാലനം താളം തെറ്റുന്നു. കോലാഹലമേട്, തങ്ങൾപാറ എന്നിവിടങ്ങളിൽ പൊലീസ് എത്തണമെങ്കിൽ കുട്ടിക്കാനം ഏലപ്പാറ വഴി രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം. 

ഏറെ വിവാദമായ വാഗമൺ സിമിക്യാംപ് നടന്നതും സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ്. ഇവിടെ എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചാൽ പൊലീസ് എത്തുവാൻ വൈകുന്നതു സുരക്ഷാ പ്രശ്നങ്ങളെയും ബാധിക്കുന്നു. ചരിത്രപ്രസിദ്ധമായ തീർഥാടനകേന്ദ്രമായ തങ്ങൾപാറയിലെ ക്രമസമാധാന പരിപാലനവും ഇൗ സ്റ്റേഷനിൽനിന്നുതന്നെ. വിജനമായ മലമടക്കുകളും മൊട്ടക്കുന്നുകളുമുള്ള പ്രദേശങ്ങളിൽ പരിശോധനകൾപോലും നടക്കാത്ത അവസ്ഥയാണു നിലനിൽക്കുന്നത്. 

ഔട്ട്പോസ്റ്റ് എങ്കിലും അനിവാര്യം

കൂട്ടിക്കൽ പഞ്ചായത്തിൽ മുൻപു നാലു പൊലീസുകാരും ഒരു അഡീഷനൽ എസ്ഐയും 24 മണിക്കൂറും ജോലി ചെയ്തിരുന്ന എയ്ഡ്പോസ്റ്റ് ഉണ്ടായിരുന്നു. ഇരുപതോളം വർഷമായി ഇതു പ്രവർത്തിക്കാതായതോടെ ലക്ഷങ്ങൾ മുതൽമുടക്കിയ കെട്ടിടം നശിക്കുകയാണ്.

പൊലീസ് സേനയുടെ ബലം പോരാ
ആകെ സ്റ്റേഷനിൽ വേണ്ടതു രണ്ട് എസ്ഐ, രണ്ട് എഎസ്ഐമാർ, 10 സീനിയർ സിവിൽ പൊലീസ്, 21 സിവിൽ പൊലീസ്, നാലു വനിതാ പൊലീസ് ഉൾപ്പെടെ 39 പേർ. ഇത് 1985ൽ നിലവിൽവന്ന സേനാബലം ആണ്. 33 വർഷങ്ങൾക്കുശേഷം ഇപ്പോൾ ഉള്ളത് 35 പൊലീസുകാർ മാത്രം. നാല് ഒഴിവുകൾ നികത്തിയിട്ടില്ല. 35 പേരിൽ പാറാവ്, ജിഡി ചാർജ്, മറ്റ് ഡ്യൂട്ടികൾ എന്നിവ മാറ്റിനിർത്തിയാൽ ഒരുദിവസം രാത്രിയും പകലും ജോലിക്കു ലഭിക്കുന്നത് 28 ആളുകളെ മാത്രം. രണ്ടു ജീപ്പുകൾ ഉണ്ടായിരുന്ന സ്റ്റേഷനിൽ ഇപ്പോൾ ഉള്ളത് ഒരു വാഹനം മാത്രമാണ്. ഒരെണ്ണം കാഞ്ഞിരപ്പള്ളി സ്റ്റേഷനു നൽകേണ്ടിവന്നു.

error: Content is protected !!