മനസിന്റെ കരുത്താണ് വിജയത്തിന്റെ ചവിട്ടുപടി; ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി സെബി ജോസഫ്
ശാരീരിക ന്യൂനതകൾ വിജയങ്ങൾക്കു തടസമല്ലെന്നു തെളിയിച്ച് സെബി ജീവിതത്തിൽ മുന്നേറുകയാണ്. മുണ്ടക്കയം തേനംമാക്കൽ ഔസേപ്പച്ചൻ- മോളി ദന്പതികളുടെ മകനായ സെബി ജോസഫിനു ജന്മനാ കൈകളില്ല. ഇതിനു പുറമേ കുറുകിയ കാലുകളുമാണ്. എങ്കിലും പഠനത്തിലും സംഗീതത്തിലും തന്റേതായ കഴിവ് തെളിയിക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ.
കൈകളില്ലാത്തതിനാൽ കാൽകൊണ്ട് എഴുതാൻ പരിശീലിച്ച സെബി പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സിബിഎസ് സി ഹയർ സെക്കൻഡറിയിൽ കംപ്യൂട്ടർ സയൻസ് തെരഞ്ഞെടുത്ത് 95 ശതമാനം മാർക്കോടെ വിജയിച്ചു.
ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. ഇവിടെയും വിജയങ്ങൾ സെബിയുടെ കൂടെയായിരുന്നു. കോളജിന്റെ വിവിധ സാംസ്കാരിക, സാങ്കേതിക പ്രവർത്തനങ്ങളിൽ സെബി പങ്കുചേർന്നു.
സിലിക്കൺ വാലി സ്റ്റാർട്ടപ്പ് നടത്തിയ പരിപാടിയിൽ വിജയിച്ച ടീമിന്റെ പ്രധാന ഭാഗമായിരുന്നു സെബി. ഇന്റേൺഷിപ്പിന്റെ സമയത്ത് ആൻഡ്രോയിഡിന്റെ വികസനത്തിന് നേതൃത്വം നൽകി. കോളജിൽ വിദ്യാർഥികൾക്കായി നടത്തിയ വിവിധ വർക്ക്ഷോപ്പുകളിലും ഇന്റർ കൊളീജിയറ്റ് വർക്ക്ഷോപ്പുകളിലും വിദഗ്ധനാണ് സെബി.
അമൽജ്യോതിയിൽ പ്രവർത്തിക്കുന്ന ഇൻഫിനിറ്റി ക്ലബ്ബിന്റെ സഹസ്ഥാപകൻ കൂടിയാണ് ഈ കൊച്ചു മിടുക്കൻ. കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തെ സഹായിക്കാൻ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തിയ സെബി ഒട്ടേറെ ആളുകളെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ച ടീമിന്റെ ഭാഗമായിരുന്നു.
അറിവുകളിലൂടെയും തമാശകളിലൂടെയും സെബി ക്ലാസിലെ എല്ലാവർക്കും പ്രിയപ്പെട്ട താരമാണ്. സെബിയുടെ വിജയങ്ങളും ഉത്സാഹവും പോസിറ്റീവ് എനർജിയുമെല്ലാം അവന്റെ കൂട്ടുകാരെ ഏറെ സ്വാധീനിക്കുന്നു.
പഠനത്തിൽ മാത്രമല്ല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് സെബി. ചേച്ചി അന്നു സംഗീതം പഠിക്കുന്നതു കണ്ടപ്പോൾ മുതൽ സെബിയും സംഗീതം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു. ചേച്ചിയുടെ സംഗീതാധ്യാപകനായിരുന്ന ഷാജിമാഷിന്റെ പ്രോത്സാഹനത്തിൽ ചേച്ചി അന്നുവിനോടൊപ്പം സെബിയും ഈണങ്ങൾ മൂളി സംഗീതത്തിന്റെ ലോകത്തേക്കു വന്നു.
എന്നാൽ, സെബിയുടെ മനസിൽ മറ്റൊരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഓർഗൺ പഠിക്കണം. അങ്ങനെ കാലുകൾകൊണ്ട് ഓർഗൺ വായിച്ച് പഠിച്ചു. ഇപ്പോൾ സ്റ്റേജ് ഷോകളിൽ വിസ്മയം തീർക്കുകയാണ് സെബി. ക്രിക്കറ്റിലും സെബി താരമാണ്. കക്ഷത്തിൽ ബാറ്റ് വച്ച് സിക്സറടിക്കുന്ന സെബിയാണ് കളിയിലെ മികച്ച ബാറ്റ്സ്മാൻ.
കൂട്ടുകാരും അധ്യാപകരും തനിക്കു തരുന്ന സ്നേഹവും വാത്സല്യവുമാണ് തന്റെ വിജയമെന്ന് സെബി പറയുന്നു. ഈ വിജയങ്ങൾ താൻ അച്ഛനും അമ്മയ്ക്കും നൽകുന്ന ഒരോ സമ്മാനങ്ങളാണ്.
സ്വന്തമായി ഒരു ഐടി കന്പനി, ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തണം തുടങ്ങിയ ആഗ്രഹങ്ങളുമായി സെബി ജീവിതത്തിൽ മുന്നോട്ട് കുതിച്ചുയരുകയാണ്. സെബിക്കു താങ്ങും തണലുമായി ചേട്ടൻ ജിനേയും ചേച്ചി അന്നുവും കൂടെയുണ്ട്.
സെബിയുടെ ജീവിതം ഏവർക്കും മാതൃകയും പാഠവുമാണ്. ചെറിയ കുറവുകളോർത്ത് ജീവിതത്തിൽ നിരാശപ്പെടുന്നവർ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് സെബി. മുറിക്കുള്ളിലെ സ്മാർട്ട് ഫോണുകളിലും എരിയുന്ന പുകയുടെയും ലഹരിയുടെയും പുറകെ പോയി ജീവിതം തീർക്കുന്ന യുവതലമുറകൾക്കു മാതൃകയാണ് സെബിയെന്ന ഈ കൊച്ചുമിടുക്കൻ.