വീൽചെയറിൽ ഇരുന്ന്, ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ പതിവ് തെറ്റിക്കാതെ ലത്തീഷാ അൻസാരി ഇത്തവണയും പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു.
എരുമേലി : അസ്ഥികൾ നുറുങ്ങുന്ന അപൂർവ രോഗത്തിന് ഇരയായ ലതീഷ അൻസാരി ഇത്തവണയും തൻറെ വൈകല്യങ്ങളെ അതിജീവിച്ച് വാവർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എത്തി തന്റെ വോട്ട് രേഖപ്പെടുത്തി. ലത്തീഷാ തൻറെ പിതാവിന്റെയും മാതാവിന്റെയും ഒപ്പമാണ് പോളിംഗ് ബൂത്തിൽ എത്തിയത്. ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്താൽ ജീവൻ നിലനിറുത്തുന്ന ലത്തീഷാ വീൽചെയറിലാണ് വോട്ട് ചെയ്യുവാൻ എത്തിയത്.
എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി – ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ.എരുമേലിയിലെ എം.ഇ.എസ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ പിജി പഠനം പൂർത്തിയാക്കിയ ലതീഷയ്ക്ക് എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ ശ്വാസതടസം കലശലായതോടെ ജോലിക്കു പോകുന്നത് അവസാനിപ്പിക്കുകയായിരുന്നു. അതിനുശേഷം ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ശ്വസിക്കാൻ കഴിയാതെ വന്നു. സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്സിജൻ സിലിണ്ടറോടെയാണ് ലത്തീഷാ ജീവൻ നിലനിർത്തുന്നത്.