അപകടങ്ങൾ ആവർത്തിക്കുന്ന ആറ് വളവുകൾ

മുണ്ടക്കയം∙ ടൗണിൽനിന്നു ദേശീയപാതയിൽ ആറുകിലോമീറ്റർ ഇരു വശത്തേക്കും സഞ്ചരിച്ചാൽ ആറ് വലിയ വളവുകൾ അപകടസാധ്യതയായി നിലകൊള്ളുന്നതു കാണാം. ചിറ്റടി മുതൽ ഹൈറേഞ്ച് പാതയിൽ കൊടുകുത്തിവരെയുള്ള സ്ഥലത്ത് വളവുകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു. മുൻപോട്ടുള്ള പാതയിൽ ഗുരുമന്ദിരം മുതൽ 31–ാം മൈൽ വരെ നാലു വളവുകളാണ് ഉള്ളത്, എസ് വളവുകളുടെ രണ്ട് കൂട്ടം. ഇവിടെ അപകടങ്ങൾ ഒഴിവാക്കുവാൻ യാതൊരു സംവിധാനവുമില്ല. വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന ഉറപ്പു പഴങ്കഥയായി. ടൗണിന് ഒരു കിലോമീറ്റർ മുൻപായി വീണ്ടും അപകടവളവുകൾ വാപിളർന്നിരിക്കുന്നു.

31–ാം മൈൽ മുസ്‌ലിം പള്ളി കഴിഞ്ഞുള്ള നിരപ്പായ റോഡിൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത് എസ് വളവുകളുടെ ശൃംഖലതന്നെയാണ്. പൈങ്ങണ പള്ളിയുടെ മുൻവശം വരെ നാലു വളവുകൾ. വലിയ വളവിൽ വീതികൂട്ടിയെങ്കിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുവാൻ സംവിധാനമില്ല. മുൻപോട്ടുള്ള പാതയിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന വളവാണ് പൈങ്ങണ ആശ്രമം മുതൽ വൈഎംസിഎ വരെയുള്ള വളവുകൾ എസ് വളവിൽ ആഴ്ചയിൽ ഒരു വാഹനമെങ്കിലും അപകടത്തിൽപെടാറുണ്ട്.

കാഴ്ച മറയുന്ന വളവിൽ ഇവിടെയും അമിത വേഗം തന്നെയാണ് അപകടകാരണം. ടൗൺ പിന്നിട്ടു കല്ലേപാലം കടന്ന് ഇടുക്കി ജില്ലയിൽ പ്രവേശിച്ചാൽ വളവുകളൊന്നും ഇല്ലാത്ത 34–ാം മൈൽ നിരപ്പ് റോഡിലും അപകടത്തിനു കുറവൊന്നുമില്ല. റോഡിൽ വേഗത്തട നിർമിക്കണമെന്ന ആവശ്യം മാത്രം ഓരോ അപകടങ്ങൾക്കും ശേഷം ഉയരുന്നു. മലയോര പാത തുടങ്ങുന്ന 35–ാം മൈൽ ജംക്‌ഷനിൽത്തന്നെ യാത്രക്കാരെ വരവേൽക്കുന്നത് അപകടവളവാണ്. പാലൂർക്കാവ്, വള്ളിയാംകാവ് എന്നീ റോഡുകളിലേക്കു തിരിയുന്ന ദേശീയപാതയിലുള്ള വളവ് മറികടന്നു വേണം വാഹനങ്ങൾ തിരിയുവാൻ. എതിരെ വരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ എത്തി ഇവിടെ കൂട്ടയിടി നടക്കുന്നതു പതിവാണ്. 

മലകയറി ചെന്നാൽ അരക്കിലോമീറ്റർ മാറി പേരിൽ തന്നെ ദുരന്തം പതിയിരിക്കുന്ന വളവാണു ലൗലി വളവ്.
മുപ്പതു വർഷം മുൻപ് ലൗലി എന്ന ബസ് മറിഞ്ഞ് ഒട്ടേറെ ആളുകൾ മരിച്ചതോടെയാണു വളവിന് ലൗലി വളവ് എന്ന പേര് വന്നത്. പിന്നീട് ഇന്നുവരെ അപകടങ്ങൾ ആവർത്തിക്കുകയും അനവധി ആളുകൾ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ശബരിമല സീസണിൽ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. ക്രാഷ് ബാരിയർ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് ലൈറ്റ് വച്ചതും മാത്രമാണ് ആകെയുള്ള സുരക്ഷാ ക്രമീകരണം. മുന്നറിയിപ്പു ലൈറ്റ് മിഴിയടച്ചിട്ടു നാളുകളായി. 

കൊടുകുത്തി ഇറക്കത്തിൽ മലയോര പാത ഇറങ്ങിവരുന്നവരെ സ്വാഗതം ചെയ്യുന്നത് അപകട മുന്നറിയിപ്പു നൽകുന്ന ചുവപ്പ് വിളക്കാണ്. എന്നിട്ടും ഇവിടെ മാസത്തിൽ ഒരു അപകടമെങ്കിലും ഉണ്ടാകാറുണ്ട്. ഹൈറേഞ്ച് പാതയിലെ ഏറ്റവും വലിയ എസ് വളവുകളിൽ ഒന്നാണു ചാമപ്പാറ വളവ്. റോഡിന്റെ ചെരിവും അശാസ്ത്രീയമായ നിർമാണവുമാണ് അപകടങ്ങൾക്കു കാരണമെന്നു പറയപ്പെടുന്നു. 

ദേശീയപാതയാകാൻ സുരക്ഷ ഇതു മതിയോ?
തമിഴ് കച്ചവടക്കാർ ഉപയോഗിച്ചിരുന്ന നടപ്പാത 1935ലാണ് കെകെ റോഡിനു വഴിമാറിയത്. 2001ൽ കെകെ റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്തു. ടാറിങ് മെച്ചപ്പെടുത്തിയതൊഴിച്ചാൽ ദേശീയപാതയായി ഉയർത്തിയതിന്റെ പ്രയോജനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അപകടവളവുകൾ നിവർത്തുക, വീതികൂട്ടുക എന്നിവയെല്ലാം വാഗ്ദാനങ്ങളിലൊതുങ്ങി. കൊടുംവളവുകളിൽ റോഡിന്റെ അശാസ്ത്രീയ നിർമാണം, ക്രാഷ് ബാരിയറിന്റെ അഭാവം, വെളിച്ചക്കുറവ് എന്നിവയെല്ലാം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു.

error: Content is protected !!