മഴക്കെടുതി: വിളിക്കാൻ മൊബൈൽ മാത്രം; കറന്റ് ഇല്ലാത്ത ഘട്ടങ്ങളിൽ ചാർജ് ചെയ്യേണ്ടത് ഇങ്ങനെ

മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ നിലവിൽ മൊബൈൽ ഫോൺ മാത്രമാണ് ആശ്രയം. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത് ദുഷ്കരമാണ്. പവർബാങ്കുകളും ലാപ്ടോപ്പും മറ്റും ഉപയോഗിച്ചാലും അതിനൊക്കെ പരിമിതികളുമുണ്ട്. അടിയന്തരഘട്ടത്തിൽ ഫോണിൽ ചാർജ് ഇല്ലെങ്കിൽ സഹായം ലഭിക്കാതെ അപകടത്തിലാവാനും ഇടയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഫോൺ ചാർജ് ചെയ്യാനുള്ള ലളിതമായൊരു മാർഗമാണ് താഴെപ്പറയുന്നത്.

1. നിങ്ങളുടെ കൈവശമുള്ള USB കേബിളിന്റെ, ചാർജറിൽ കുത്തുന്ന പിന്നിനു മുൻപുള്ള ഭാഗത്തെ ആവരണം മൂർച്ചയുള്ള കത്തി, ബ്ലേഡ്, കത്രിക തുടങ്ങിയവ ഉപയോഗിച്ച് കീറുക. ഇവ ലഭ്യമല്ലെങ്കിൽ പല്ലുകൊണ്ട് കടിച്ചും കീറാം.

2. അതിനുള്ളിൽ നാല് ചെറിയ വയറുകൾ ഉണ്ടാകും.

3. അതിൽ ചുവപ്പും കറുപ്പും വയറുകളുടെ അഗ്രഭാഗത്തെ പ്ലാസ്റ്റിക് ആവരണം കളയുക.

4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും വാൾക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.

5. ഒരു ബാറ്ററിയുടെ മുകൾഭാഗം അടുത്ത ബാറ്ററിയുടെ ചുവട്ടിൽ തൊട്ടിരിക്കുന്ന വിധത്തിൽ മൂന്നു ബാറ്ററിയും ഒന്നിനു പുറകെ ഒന്ന് എന്ന മട്ടിൽ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക. ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും.

6. കടലാസുകുഴലിന്റെ ഒരുഭാഗത്ത്, ബാറ്ററിയുടെ മുകൾഭാഗം വരുന്നിടത്ത് കേബിളിലെ ചുവന്ന വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കുഴലിന്റെ മറുഭാഗത്ത്, അതായത് താഴെയുള്ള ബാറ്ററിയുടെ ചുവടുഭാഗം വരുന്നിടത്ത് കറുത്ത വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കേബിൾ ഫോണിൽ കണക്ട് ചെയ്യുക.

7. ഇപ്പോൾ ഫോൺ ചാർജ് ആയിത്തുടങ്ങുന്നതു കാണാം.

8. ഈ നിലയിൽ ഒരു പത്തു മിനിറ്റ് വച്ചാൽ ഫോൺ 20 ശതമാനത്തോളം ചാർജ് ആകും.

9. നാലു ദിവസം വരെ ഇങ്ങനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം. 

error: Content is protected !!