വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിലംപൊത്തിയിട്ടു 6 വർഷം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിലം പൊത്തിയിട്ട് 6 വർഷം. പേട്ട ഗവൺമെന്റ് സ്കൂളിനും ബിഎഡ് സെന്ററിനും സമീപത്താണ് വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. 2014 ഫെബ്രുവരിയിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായത്. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് താഴെ വീണു.
30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 15 മീറ്റർ വീതിയിൽ നിർമിച്ച വോളിബോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂരയെ താങ്ങി നിർത്തിയ തൂണുകൾ തകർന്നാണ് മേൽക്കൂര നിലം പൊത്തിയത്.
ആന്റോ ആന്റണി എംപിയുടെ 2011-2012 വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് വോളിബോൾ ഇൻഡോർ സ്റ്റേഡിയം. തൂണുകളുടെ നിർമാണത്തിലെ അപാകതയാണ് സ്റ്റേഡിയം തകരാൻ കാരണമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ വിദ്യാർഥികളിൽ നിന്നും യുവാക്കളിൽ നിന്നും പുതിയ വോളിബോൾ താരങ്ങളെ കണ്ടെത്താൻ മുൻ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ 2009ൽ വോളി ഫ്രണ്ട്സ് അസോസിയേഷൻ രൂപീകരിച്ചു. വോളിബോളിൽ താത്പര്യവും മികവും പുലർത്തുന്നവരെ അവധിക്കാല പരീശിലനം നൽകി മികച്ച വോളിബോൾ താരങ്ങളായി വാർത്തെടുക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 2014ൽ സ്റ്റേഡിയം വന്നപ്പോൾ ഏറെ സന്തോഷവും അതിലുപരി പ്രതീക്ഷയും ആയിരുന്നു ഇവർക്ക്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ഇൻഡോർ സ്റ്റേഡിയം നിലം പൊത്തിയത്തോടെ ഇവരുടെ സന്തോഷവും പ്രതീക്ഷയും ഇല്ലാതായി. ഇപ്പോൾ ഇവർ സ്കൂളുകളിലും ക്ലബ്ബുകളുടെ ഗ്രൗണ്ടിലുമാണ് കുട്ടികൾക്ക് പരീശിലനം നൽകുന്നത്.
വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിലം പൊത്തിയിട്ട് 6 വർഷമായിട്ടും അധികൃതർ പുനർ നിർമാണവുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല. നല്ലൊരു വോളിബോൾ സ്റ്റേഡിയത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാരും വോളിബോൾ പ്രേമികളും.