കാഞ്ഞിരപ്പള്ളിയിലെ കഞ്ചാവ് വേട്ട; ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി പോലീസ് ഉദ്യോഗസ്ഥർ സമ്പർക്ക പട്ടികയിൽ.
കാഞ്ഞിരപ്പള്ളിയിലെ കഞ്ചാവ് വേട്ട; ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരവധി പോലീസ് ഉദ്യോഗസ്ഥർ സമ്പർക്ക പട്ടികയിൽ.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ പോലീസ് സാഹസികമായി പിടികൂടിയ കഞ്ചാവ് പ്രതികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ റെയ്‌ഡിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ വിഷമവൃത്തത്തിലായി.
കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജെയിംസ് (30), നെടുമുടി കല്ലൂ പറമ്പിൽ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് 20 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഇവരിൽ വിനോദ് ഔസേപ്പിനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് .
ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടിയതി ശേഷം പ്രതികളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു മെഡിക്കൽ പരിശോധ നടത്തിയപ്പോഴാണ് ഒരാൾ ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റിവ് ആണെന്ന് തെളിഞ്ഞത് . കൂട്ട് പ്രതി ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിലും, ആർടി പിസിയാർ ടെസ്റ്റ് ചെയ്തതിന്റെ റിസൾട്ട് വരുവാനുണ്ട്.
അമ്പതു ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും 20 കിലോ കഞ്ചാവ് കൂടാതെ 170 ഗ്രാം ഹാഷിഷ് ഓയിൽ, , 9 നിരോധിത മയക്കുമരുന്ന് ഗുളികകൾ, ഇഞ്ചക്ഷൻ സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു.