വാക്‌സിന് ക്ഷാമം; ക്യാമ്പുകളിൽ വൻ തിരക്ക്
എരുമേലി: തിങ്കളാഴ്ചയ്ക്ക് ശേഷം ചൊവ്വയും ബുധനും എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമല്ലായിരുന്നു. വ്യാഴാഴ്ച വാക്‌സിൻ എത്തിയതോടെ തിരക്ക് വർധിച്ചു. ആദ്യ ഡോസ് എടുക്കാനും രണ്ടാം ഡോസിനെത്തിയവരും നിരവധിയായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സേവനവും വേണ്ടിവന്നു. രണ്ടാം ഡോസ് എടുക്കാനെത്തിയവർക്ക് വാക്സിൻ ലഭിക്കാത്ത അവസ്ഥ. ആദ്യ ഡോസ് എടുത്തതിന്റെ സമയക്രമം അനുസരിച്ച് രണ്ടാം ഡോസ് എടുക്കാനുള്ളവരാണ് ആശങ്കയിലായിരിക്കുന്നത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ നൽകുമെന്ന് പറയുമ്പോഴും, രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്നില്ലെന്നാണ് വ്യാപക പരാതി.
വ്യാഴാഴ്ച 200 പേർക്കാണ് വാക്‌സിൻ നൽകിയത്. വൈകുന്നേരത്തോടെ വാക്‌സിൻ തീർന്നു. വാക്‌സിൻ എത്തിയെങ്കിലേ വെള്ളിയാഴ്ച വാക്‌സിനേഷൻ നടക്കൂ.
എരുമേലി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 210-ന് മുകളിലായി.
വ്യാഴാഴ്ച മുക്കൂട്ടുതറയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 37 -ഉം ബുധനാഴ്ച എരുമേലിയിൽ നടന്ന ആർ.ടി.പി.സി.ആർ. പരിശോധനയിൽ 15 പേരും കോവിഡ് പോസിറ്റീവായി.
എരുമേലിയിലെ കോവിഡ് കെയർ സെന്ററും നിറഞ്ഞു. ഇവിടെ ഡോക്ടറുടെ സേവനം ഉൾപ്പെടെ കോവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തിയിട്ടില്ല.
ക്വാറന്റീൻ സൗകര്യം മാത്രമാണുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത പോസിറ്റീവ് കേസുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. മൊത്തം രോഗികളുടെ പകുതിയിലേറെ വരുമിത്.
എരുമേലി ഗ്രാമപ്പഞ്ചായത്തിൽ വാർഡ് തിരിച്ചുള്ള കേസുകളുടെ എണ്ണം. വാർഡ്, രോഗബാധിതരുടെ എണ്ണം എന്ന ക്രമത്തിൽ( ആരോഗ്യ വകുപ്പിന്റെ ബുധനാഴ്ച വരെയുള്ള കണക്ക്)
വാർഡ് 5-6, 6-6, 7-6, 9-1, 10-3, 11-4, 12-6, 13-7, 14-8, 15-19, 16-21, 17-11, 18-6, 19-9, 20-2, 21-16, 22-11, 23-14.
ഇതിന് പുറമേ വ്യാഴാഴ്ച 52 പേരാണ് പോസിറ്റീവായത്.
കാഞ്ഞിരപ്പള്ളി: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ജനറൽ ആശുപത്രിയിലും കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലും തിരക്ക്.
വാക്‌സിൻ ലഭിക്കാതിരുന്നതിനെ തുടർന്ന് മൂന്ന് ദിവസത്തിനുശേഷമാണ് താലൂക്കിൽ വിതരണം നടത്തിയത്.
ജനറൽ ആശുപത്രിയിൽ ബുധനാഴ്ച എത്തിയത് 1000 ഡോസ് വാക്‌സിനാണ്. 200 വീതം എരുമേലി, മുണ്ടക്കയം, കാളകെട്ടി, പറത്താനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് നൽകി. ജനറൽ ആശുപത്രിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ചില്ലെന്നു പരാതിയുണ്ടായി. രാവിലെ ആറ് മുതൽ വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ എത്തിയിരുന്നു.
ഇവർക്ക് ടോക്കൺ നൽകിയതോടെയാണ് രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ നൽകാൻ താമസിച്ചത്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്‌സിൻ നൽകാവു എന്ന നിർദ്ദേശം ലഭിക്കാൻ വൈകിയതിനാലാണ് ടോക്കൺ നൽകിയതെന്ന് അധികൃതർ പറയുന്നു. കാളകെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വാക്‌സിൻ വിതരണം വൈകി.
അറിയിപ്പ് ലഭിച്ചതനുസരിച്ച് രാവിലെ 8.30-ന് തന്നെ ആളുകൾ എത്തിയിരുന്നു. വാക്‌സിൻ എത്താൻ വൈകിയതിനെ തുടർന്ന് പലർക്കും മടങ്ങിപ്പോകേണ്ടതായിവന്നു.
ബുധനാഴ്ച ജനറൽ ആശുപത്രിയിലെത്തിച്ച വാക്‌സിൻ വിതരണകേന്ദ്രത്തിലേക്ക് എത്തിക്കാൻ വൈകിയതാണ് രാവിലെ വിതരണം മുടങ്ങാൻ കാരണം. എന്നാൽ രാവിലെ ഏറെ നേരം കാത്തുനിന്നവർ മടങ്ങിപ്പോയശേഷം വാക്‌സിൻ വിതരണം നടത്തിയത് പരാതിക്കുമിടയാക്കി.