കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കുന്നു
കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിക്കും. വാക്‌സിൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് വാർഡ് കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. വാക്‌സിൻ എടുക്കുന്നത് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ലഘുരേഖകൾ വിതരണം ചെയ്യും. പഞ്ചായത്ത് ഓഫീസിൽ കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കും.
സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ആർ.അൻഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ.രാജേഷ്, വാർഡംഗം ബിജു ചക്കാല എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ 23 വാർഡുകളിൽ 13 വർഡുകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകളുണ്ട്. ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ്, 12, 13, 14, 15, 18, 19, 20, 21 എന്നീ വാർഡുകളിലാണ് മൈക്രോ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ 19 വാർഡുകളിൽ ഒൻപത് വാർഡുകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകളായിട്ടുണ്ട്. മൂന്ന്, അഞ്ച്, ഒൻപത്, 11, 13, 14, 15, 17, 18 എന്നീ വാർഡുകളിലാണ് മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ.