പൊടിമറ്റം-ആനക്കല്ല് റോഡിലെ പാലത്തിന്റെ കൈവരി തകർന്ന് അപകടഭീഷണിയിൽ
കാഞ്ഞിരപ്പള്ളി: പൊടിമറ്റം-ആനക്കല്ല് റോഡിൽ തോട്ടിലെ പാലത്തിന്റെ കൈവരികൾ തകർന്നുകിടക്കുന്നത് അപകടഭീഷണിയാകുന്നു. രാത്രിയിൽ വാഹനമിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിട്ട് രണ്ടുമാസത്തോളമായി.
അപകടങ്ങളൊഴിവാക്കാൻ നാട്ടുകാർ ചുവന്ന റിബ്ബൺ വലിച്ചുകെട്ടിയതുമാത്രമാണ് നിലവിലെ സുരക്ഷ. രാത്രിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
ദേശീയപാത 183-ൽനിന്ന് പൊടിമറ്റം-വണ്ടൻപാറ-ആനക്കല്ല്, പൊടിമറ്റം-പൊന്മല-ആനക്കല്ല് എന്നീ റോഡുകളിലൂടെ ഈരാറ്റുപേട്ട റോഡിൽ എളുപ്പമാർഗം എത്താവുന്ന റോഡാണിത്. രാത്രിയിൽ നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
വഴി പരിചിതമല്ലാത്ത ആളുകളും, ഗൂഗിൾ മാപ്പുപയോഗിച്ച് കാഞ്ഞിരപ്പള്ളി പട്ടണം ഒഴിവാക്കി ദേശീയപാതയിൽ പ്രവേശിക്കാൻ ഈ വഴി ഉപയോഗിക്കുന്നുണ്ട്.
വണ്ടൻപാറ, പൊന്മല, 85-കോളനി ഭാഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി നിരവധിപേർ ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.