ഓക്സിജൻ ക്ഷാമം ഏറെ വലച്ചത് നാളേറെയായി ഓക്സിജൻ സിലിണ്ടറുമായി ജീവിക്കുന്ന ലത്തീഷ അൻസാരിയെ . ജീവൻ നിലനിർത്തുവാൻ ഓക്സിജൻ തരണമെന്ന അപേക്ഷയുമായി ലത്തീഷ സോഷ്യൽ മീഡിയയിൽ
എരുമേലി : അപൂർവ രോഗവുമായി ജനിച്ച് വേദനകളോട് പൊരുതി സിവിൽ സർവീസ് കടമ്പ വരെ എത്തിയ ലത്തീഷ അൻസാരിക്ക് ഓരോ ശ്വാസവും ഇപ്പോൾ വിലപ്പെട്ടതാണ്. ഓക്സിജൻ സിലിണ്ടർ സ്റ്റോക്ക് ഇല്ലെങ്കിൽ ജീവിതം അപകടത്തിന്റെ വക്കിലെത്തുന്ന ലത്തീഷ തനിക്ക് ഓക്സിജൻ എത്തിച്ചുതരാൻ സഹായം തേടി സോഷ്യൽ മീഡിയയിൽ അഭ്യർത്ഥന നടത്തിയതോടെ എങ്ങുനിന്നും സഹായ വാഗ്ദാനം.
എരുമേലി പുത്തൻപീടികയിൽ അൻസാരി – ജമീല ദമ്പതികളുടെ മകളാണ് ലത്തീഷ. ഇപ്പോൾ 24 മണിക്കൂറും ഓക്സിജൻ സിലിണ്ടർ വഴി ഓക്സിജൻ ശ്വസിച്ചാണ് ലത്തീഷ കഴിയുന്നത്. കാഴ്ചയിൽ കൊച്ചുകുട്ടിയുടെ വലുപ്പമേ തോന്നൂ. അസ്ഥികൾ ലോപിച്ച് പൊടിഞ്ഞ് ഒടിയുന്ന അപൂർവ രോഗത്തോടെയാണ് ലത്തീഷ ജനിച്ചത്. എടുത്തു കൊണ്ടുപോയാണ് സ്കൂൾ പഠനം പിതാവ് നടത്തിയത്. എല്ലാ തുണയുമായി പിതാവ് നൽകിയ കരുത്തിലാണ് ലത്തീഷ ബിരുദാനന്തര ബിരുദം വരെ നേടി കഴിഞ്ഞയിടെ സിവിൽ സർവീസ് പരീക്ഷ നേരിട്ടത്. എരുമേലി സർവീസ് സഹകരണ ബാങ്കിൽ ലത്തീഷക്ക് പരിശീലനം നൽകാനായി ജോലി നൽകിയിരുന്നു. കീ ബോർഡ് സംഗീതത്തിലും ചിത്ര രചനയിലും അസാമാന്യ പാടവം കാട്ടുന്ന ലത്തീഷക്ക് ശാസകോശ സംബന്ധമായ അസുഖം നേരിട്ടതിനെ തുടർന്നാണ് ഓക്സിജൻ സിലിണ്ടറിന്റെ സഹായം വേണ്ടിവന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്ര ഘട്ടമായ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കാൻ ഇപ്പോൾ തടസം നേരിട്ടിരിക്കുകയാണെന്ന് ലത്തീഷയുടെ പിതാവ് പറയുന്നു. സഹായം അഭ്യർത്ഥിച്ച് ലത്തീഷ ഫേസ്ബുക് പോസ്റ്റ് നൽകിയിരുന്നു. ഇതോടെയാണ് നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയത്. എന്നാൽ സർക്കാർ തലത്തിൽ നിന്നുള്ള സഹായം കിട്ടിയാൽ ഏറെ പ്രയോജനകരമാകുമെന്ന് മാതാപിതാക്കൾ പറയുന്നു.ലത്തീഷ യെ ബന്ധപ്പെടാനുള്ള നമ്പർ – 9605434920, 9744108141