റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായി ജോസ് ജെ.കാട്ടൂർ; കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചേനപ്പാടിയിൽനിന്ന് ഒരാൾ റിസർവ് ബാങ്കിന്റെ ഉന്നതപദവിയിലെത്തിയതിൽ നാടെങ്ങും ആഹ്ളാദത്തിൽ. റിസർവ് ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായ ജോസ് ജെ.കാട്ടൂർ ചേനപ്പാടി സ്വദേശിയാണ്. കാട്ടൂർ എം.സി.ജോസഫിന്റെയും കുഞ്ഞമ്മയുടെയും മകനായ 58-കാരനായ ജോസ് ജെ.കാട്ടൂർ 30 വർഷമായി റിസർവ് ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തുവരുകയാണ്. തിരുവനന്തപുരത്ത് മിൽമയുടെ മാർക്കറ്റിങ് മാനേജരായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പിന്നീട് ബാങ്കിങ് രംഗത്തേക്ക് മാറുകയായിരുന്നു.
കാട്ടൂർ എം.സി.ജോസഫിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽ.പി.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കഴക്കൂട്ടം സൈനിക് സ്‌കൂളിലായിരുന്നു ജോസ് ജെ.കാട്ടൂരിന്റെ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ ബിരുദപഠനം.
ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റിൽനിന്ന് ബിരുദാനന്തര ബിരുദം, ഗുജറാത്ത് സർവകലാശാലയിൽനിന്ന് നിയമബിരുദം, പെൻസിൽവാനിയയിലെ വാർട്ടൺ സ്‌കൂൾ ഓഫ് ബിസിനസിൽനിന്ന് അഡ്വാൻസ്‌ഡ് മാനേജ്‌മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റ് എന്നിവ നേടി. സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രൊഫഷണൽ യോഗ്യതയും നേടി.
കോൺഗ്രസ് നേതാവായിരുന്ന പാലാ ഞാവള്ളിൽ കയത്തിൻകര പരേതനായ പ്രൊഫ. കെ.കെ.എബ്രഹാമിന്റെ മകൾ ലതയാണ് ഭാര്യ. ശ്രുതി, സജ്‌ന എന്നിവരാണ് മക്കൾ.