കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന പള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.

Date: 8th December 2020

കാഞ്ഞിരപ്പള്ളി രൂപതയിലെ പുരാതനമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് അക്കരപ്പള്ളി-പഴയപള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. ഇതു സംബന്ധിച്ചുള്ള സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്ത ഒപ്പുവെച്ച കല്പന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ്ചാന്‍സലര്‍ റവ.ഡോ.എബ്രാഹം കാവില്‍പുരയിടവും, മലയാളം പരിഭാഷ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ചാന്‍സലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി എന്നിവര്‍ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍വെച്ച് വായിക്കുകയും ചെയ്തു. പ്രസ്തുത കല്പന അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കലിന് നല്‍കി. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയായ അക്കരപ്പള്ളിയുടെ വികാരിയെ ആര്‍ച്ച് പ്രീസ്റ്റായി പ്രഖ്യാപിക്കുന്ന കല്പന റവ.ഡോ.എബ്രാഹം കാവില്‍പുരയിടം വായിക്കുകയും അക്കരപ്പള്ളി വികാരിയായ പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍ പ്രസ്തുത കല്പന അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. 

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവ് പഴയപള്ളിയില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി പ്രഖ്യാപനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കുമായെത്തിയ അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പിനും അഭിവന്ദ്യ പിതാക്കന്മാര്‍ക്കും വിശ്വാസിസമൂഹം മുഴുവനും സ്വാഗതമാശംസിക്കുകയും നിലയ്ക്കലില്‍ നിന്നെത്തിയ വിശ്വാസിസമൂഹത്തിന്റെ വിശ്വാസദാര്‍ഡ്യത്തിന്റെ മാതൃകയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

സഭയാകുന്ന നൗകയില്‍ വിശ്വാസത്തിലടിയുറച്ച് സ്വര്‍ഗ്ഗമാകുന്ന അക്കരയ്ക്ക് യാത്രചെയ്യുന്നവരായ നമുക്ക് പരിശുദ്ധ അമ്മയുടെ പ്രാര്‍ത്ഥന തുണയാണ്. സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളികള്‍ സഭയുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെ കണ്ണികളായി വര്‍ത്തിക്കേണ്ടതുണ്ട്. വി.തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളിലൊന്നായ നിലയ്ക്കലില്‍ നിന്നെത്തിയ വിശ്വാസിസമൂഹത്തിന്റെ നിലയ്ക്കല്‍-കാഞ്ഞിരപ്പള്ളി യാത്രതന്നെ വിശ്വാസത്തിന്റെ ശക്തമായ പ്രകാശനമായിരുന്നുവെന്നും അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവ് നല്‍കിയ അടിത്തറയില്‍ വിശ്വാസത്തില്‍ വളരുകയും ഏറെ മുന്നോട്ടുപോവുകയും ചെയ്ത കാഞ്ഞിരപ്പള്ളി രൂപത സഭയ്ക്കും സമൂഹത്തിനും നല്‍കുന്ന വിശ്വാസമാതൃകയ്ക്കും സംഭാവനകള്‍ക്കും അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ് അഭിനന്ദനം അറിയിച്ചു. അതിനു നേതൃത്വം നല്‍കിയ അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴി പിതാവിന്റെയും അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെയും ഇപ്പോള്‍ നേതൃത്വം നല്‍കുന്ന അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെയും ശുശ്രൂഷകള്‍ മഹനീയമാണെന്ന് പരിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചനസന്ദേശത്തില്‍ അനുസ്മരിച്ചു. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സിലര്‍ റവ.ഡോ.എബ്രാഹം കാവില്‍പുരയിടം, ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരുന്നു. 

പഴയപള്ളിയിലെത്തിയ അഭിവന്ദ്യ പിതാക്കന്മാരെ ആര്‍ച്ച് പ്രീസ്റ്റ് റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ഇമ്മാനുവേല്‍ മങ്കന്താനം, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ജോസ് എളൂക്കുന്നേല്‍, ജോസുകുട്ടി മൈക്കിള്‍ കരിപ്പാപ്പറമ്പില്‍, ഔസേപ്പച്ചന്‍ മണ്ണംപ്ലാക്കല്‍, വര്‍ക്കി ജോര്‍ജ് കരിമ്പനാല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

വിശിഷ്ട വ്യക്തികള്‍
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ആന്റണി ഡോമിനിക്, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വികാരിജനറാള്‍മാരായ ഫാ.കുര്യന്‍ താമരശേരി, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, വൈദികര്‍, സന്യസ്തര്‍ എന്നിവരടങ്ങുന്ന വിശ്വാസിസമൂഹം കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. 

2018 ജനുവരി 8 മുതല്‍ 13 വരെ നടന്ന സീറോ മലബാര്‍ സഭയുടെ 26-മത് സിനഡിന്റെ ആദ്യസമ്മേളനത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ക്കുവിധേയമായി അവകാശങ്ങളോടും കടമകളോടും കൂടി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളികള്‍ സീറോ മലബാര്‍ സഭയിലുണ്ടാകണമെന്ന് തീരുമാനിച്ചു. ഇപ്രകാരം 2019 സെപ്തംബര്‍ 22ന് കാഞ്ഞിരപ്പള്ളി ഇടവകയിലെ പ്രതിനിധിയോഗ അഭ്യര്‍ത്ഥനയില്‍ ഇടവക വികാരി റവ.ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍ നല്‍കിയ അപേക്ഷ രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കലിന്റെ ശുപാര്‍ശയോടെ സീറോ മലബാര്‍ സിനഡിന് സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് സീറോ മലബാര്‍ സിനഡ് തീരുമാനമനുസരിച്ച് കാഞ്ഞിരപ്പള്ളി പഴയപള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു

error: Content is protected !!