ലാജി തോമസ് മാടത്താനിക്കുന്നേൽ സ്വതന്ത്രനായി മത്സരിക്കുവാൻ നീക്കം ; മാറ്റാൻ അനുനയങ്ങളുമായി നേതാക്കൾ
കേരള കോൺഗ്രസിൽ നിന്നും രാജിവച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലാജി മാടത്താനിക്കുന്നേൽ നയം വ്യക്തമാക്കുന്നു
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ 11-ാം വാർഡിൽ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗത്തിന്റെ നിയോജക മണ്ഡലം പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേൽ സ്വതന്ത്രനായി മത്സരിക്കുവാൻ തീരുമാനിച്ചത് മുന്നണിക്ക് തലവേദനയായി.
ചിറക്കടവ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ലാജിയെ ജോസ് വിഭാഗം മുന്നണി മാറിയതോടെ യു.ഡി.എഫ്.അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. മുന്നണി മാറ്റത്തിന്റെ പേരിൽ ബലിയാടായ തനിക്ക് അർഹമായ പരിഗണന പാർട്ടിയോ മുന്നണിയോ നൽകിയില്ലെന്ന പരാതിയുമായാണ് മത്സരരംഗത്തിറങ്ങിയത്. തന്റെ വീടുൾപ്പെടുന്ന വാർഡിൽ സീറ്റ് പ്രതീക്ഷിച്ചെങ്കിലും മുന്നണി സി.പി.ഐ.ക്കാണ് നൽകിയത്.
പകരം ബ്ലോക്ക് ഡിവിഷൻ ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തിയെങ്കിലും മുൻപഞ്ചായത്തംഗം ഷാജി പാമ്പൂരിക്കാണ് കേരള കോൺഗ്രസ് ഈ സീറ്റ് നൽകിയത്. ഇതോടെ വാർഡിൽ മത്സരിക്കാനിറങ്ങിയതാണ് ലാജി. ഇവിടെ സി.പി.ഐ.ക്കെതിരെ സി.പി.ഐ.യുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയും പത്രിക നൽകിയിട്ടുണ്ട്.
മുന്നണിയിൽ രണ്ടുവിമതരുടെ ശല്യം ജയസാധ്യതയെ ബാധിക്കുമെന്ന ഭീതിയിൽ നേതാക്കളെ ഇടപെടുവിച്ച് പരിഹാരത്തിനാണ് ശ്രമം തുടങ്ങിയത്. കേരള കോൺഗ്രസിലെ അതൃപ്തി പരിഹരിക്കാൻ ഡോ.എൻ.ജയരാജ് എം.എൽ.എ., ജോസ് കെ.മാണി എം.പി.എന്നിവർ ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല. ലാജിയുടെ സ്ഥാനാർഥിത്വം ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കു ലഭിക്കുന്ന വോട്ടുകളിലും കുറവുവരുത്തുമെന്ന കണക്കുകൂട്ടലുണ്ട്. സി.പി.ഐ.യുടെ ജില്ലാനേതാക്കളും തങ്ങളുടെ പാർട്ടിയിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. അടുത്തഘട്ടത്തിൽ അർഹമായ പരിഗണന നൽകാമെന്ന വാഗ്ദാനം വിമതർ അംഗീകരിക്കുന്നില്ല.