കൊവിഡ് മുക്തരിൽ ഭീതിപടർത്തി ബ്ലാക്ക് ഫംഗസ്; എന്തൊക്കെ ശ്രദ്ധിക്കണം ?

കൊവിഡ് മുക്തരിൽ ഭീതിപടർത്തി ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധ. അവഗണിച്ചാൽ മരണം വരെ സംഭവിച്ചേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച് (ഐസിഎംആ‍ര്‍) മുന്നറിയിപ്പ് നൽകി. കൊവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും പ്രതിരോധ ശേഷി ദു‍ര്‍ബലമായ അവസ്ഥലിയാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. ഫംഗസ് ബാധയുടെ ലക്ഷണങ്ങളും കൈകാര്യം ചെയ്യേണ്ട രീതിയും ഐസിഎംആ‍‍ര്‍ പുറപ്പെടുവിച്ച മാ‍ര്‍ഗരേഖയിൽ പറയുന്നു.

ഫംഗസ് ബാധ പുതിയ വെല്ലുവിളി

യുഎസിലെ സെന്റ‍ര്‍ ഫോര്‍ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ സെന്ററിന്റെ കണക്ക് പ്രകാരം 54 ശതമാനം വരെയാണ് മരണനിരക്ക്. തലയോട്ടിക്കുള്ളിലെ അറകളേയും ശ്വാസകോശത്തെയുമാണ് ഫംഗസ് ബാധ പ്രതികൂലമായി ബാധിക്കുന്നത്. രോഗ പ്രതിരോധ ശേഷി കുറവുള്ള ആളുകളിലാണ് മ്യൂക്കർമൈക്കോസിസ് ബാധയുണ്ടാകുന്നത്. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന പ്രതിരോധ ശേഷി കുറവുള്ള ആളുകൾക്കാണ് ഫംഗസ് ഭീഷണിയുള്ളത്.

​സംശയിക്കേണ്ടത് എപ്പോൾ

മൂക്കിൽ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങിൽ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്. പ്രമേഹ രോഗികളിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ഭീഷണിയുള്ളത്.

​ലക്ഷണങ്ങൾ ഇവ

പ്രതിരോധ ശേഷി കുറഞ്ഞവ‍ര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവ‍ര്‍, കാൻസര്‍ രോഗികൾ, അവയവമാറ്റം നടത്തിയവ‍ര്‍, ഐസിയുവിൽ ദീ‍ര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. പനി, ശ്വാസംമുട്ടൽ, ചുമ, രക്തം ഛ‍‍ര്‍ദിക്കൽ, കണ്ണ്, മൂക്ക് എന്നിവയക്ക് ചുറ്റും ചുവന്ന തടിപ്പും വേദനയും, മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റം എന്നിവയാണ് ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ.

​ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹ രോഗമുള്ളവ‍ര്‍ കൊവിഡ് മുക്തി നേടിയ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കണം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണം. സ്റ്റിറോയിഡുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നവര്‍ കൃത്യമായ അളവിലും ഇടവേളകളിലും ഉപയോഗിക്കണം. ഓക്സിജൻ ചികിത്സാ സമയത്ത് ഹ്യുമിഡിഫയറിൽ സ്റ്റെറിലൈസ് ചെയ്ത വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ തേച്ച് കുളിക്കുന്നതുൾപ്പെടെയുള്ള വ്യക്തി ശുചിത്വം പാലിക്കണം. ആവിപിടിക്കുമ്പോൾ ശുദ്ധമായ വെള്ളം ഉപയോഗിക്കുക. ഫംഗസ് ബാധിച്ചതായി സംശയിക്കുന്നെങ്കിൽ ഡോക്ടറുടെ സഹായം തേടുക.

error: Content is protected !!