ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് രോഗികൾക്കായി തുറന്നുകൊടുത്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം ..
ഒരു നാടിനോട് ഒരു എംഎൽഎയുടെ കടമകളും, ഉത്തരവാദിത്തവങ്ങളും എന്തൊക്കെയാണ്.. ? ഒരു എംഎൽഎയുടെ അധികാരം നാടിന് ഉപകാരപ്രദമായി എങ്ങനെയാണ് ചിലവഴിക്കേണ്ടത് ? ഇതിനൊക്കെയുള്ള ഉത്തരമാണ് നിയുക്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കൽ സമൂഹത്തിന് മുൻപിൽ കാണിച്ചുകൊടുത്തത് . കഴിഞ്ഞ ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി, ഈരാറ്റുപേട്ട കോവിഡ് ഹോസ്പിറ്റൽ എന്ന പേരിൽ, ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ അടക്കം പൂര്‍ണ സജ്ജമായ നിലയിൽ, കോവിഡ് രോഗികള്‍ക്കു മാത്രമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രിയെന്ന ഖ്യാതിയോടെ, കോവിഡ് രോഗികൾക്കായി തുറന്നുകൊടുത്തതിലൂടെ അദ്ദേഹം മറ്റു ജനപ്രതിനിധികൾക്ക് കാണിച്ചുകൊടുത്തത് ഏവരും അനുകരിക്കേണ്ട വലിയ ഒരു മാതൃകയാണ്. കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗബാധയേറ്റവർക്ക് മികച്ച ചികിത്സ കിട്ടാക്കനിയായത്തോടെ ദുരിതത്തിലായ ഒരു ജനത, എംഎൽഎയുടെ ആ പ്രത്യേക കരുതൽ എന്നെന്നും നന്ദിയോടെ സ്മരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ശനിയാഴ്ച രാവിലെ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നിയുക്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ റിംസ് ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി നാടിനു സമര്‍പ്പിച്ചു . നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.എ. മുഹമ്മദ് നദീര്‍ മൗലവി, ഫാദര്‍ അഗസ്റ്റ്യന്‍ പാലക്കപ്പറമ്പില്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സഹ്‌ല ഫിര്‍ദൗസ്, കൗണ്‍ഡിലര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ആദ്യ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയായി മാറിയ റിംസ് ആശുപത്രിയിൽ കോവിഡ് ചികില്‍സാ നിരക്കുകള്‍ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് മാത്രം. റിംസ് ആശുപത്രി ഐസിയു ബെഡ്, വെന്റിലേറ്റര്‍ സൗകര്യം അടക്കം പൂര്‍ണ സജ്ജമായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നിരക്കുകള്‍ മാത്രമാണ് ഇവിടെ ഈടാക്കുക.
സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് എന്നിവയുടെയും നഗരസഭ പ്രത്യേകമായി നിശ്ചയിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെയും നിയന്ത്രണത്തിലാകും ആശുപത്രി പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍, ആരോഗ്യവകുപ്പ് അധികൃതരുടെയും നഗരസഭാ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങളും സര്‍ക്കാര്‍ മാനദണ്ഡങ്ങളും അനുസരിച്ചു മാത്രമായിരിക്കും രോഗികളെ പ്രവേശിപ്പിക്കുക.
മറ്റു സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കു മുന്‍ഗണന നല്‍കും. എന്നാല്‍ രോഗത്തിന്റെ തീവ്രത അനുസരിച്ച് പ്രദേശവാസികള്‍ക്ക് കാഷ്വാലിറ്റി വിഭാഗത്തില്‍ നിന്നും നേരിട്ട് അഡ്മിഷന്‍ എടുക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും.
കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായതോടെ ഒന്നര വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ സര്‍ക്കാര്‍ എറ്റെടുക്കണമെന്നുള്ള നഗരസഭയുടെ ആവശ്യം 40 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍ സര്‍ക്കാര്‍ തളളിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റിംസ് ആശുപത്രിയുടെ വെന്റിലേറ്ററടക്കമുള്ള ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുവാനുള്ള നീക്കം നടന്നുവെങ്കിലും, വിവരം അറിഞ്ഞു ഓടിയെത്തിയ നിയുക്ത പൂഞ്ഞാർ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഉപേക്ഷിച്ചു. തുടർന്ന് റിംസ് ആശുപത്രിയിൽ അത്യാധുനിക സൗകര്യത്തോടെ പൂർണ സജ്ജമായ സി.എഫ്.എല്‍.ടി.സി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു, ആ ഉറപ്പ് പാലിച്ചുകൊണ്ടാണ് ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് രോഗികള്‍ക്കു മാത്രമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രിയെന്ന പ്രത്യേകതയോടെ, കഴിഞ്ഞ ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി, കോവിഡ് രോഗികൾക്കായി തുറന്നുകൊടുത്തത് .