നിയമം നിയമത്തിന്റെ വഴിക്ക്, ഒപ്പം നല്ല മനഃസാക്ഷിയും കാത്തുസൂക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർ സമൂഹത്തിനു മാതൃകയായി ..
പൊൻകുന്നം : ഒറ്റയ്ക്ക് സഞ്ചരിച്ച രണ്ടു സ്ത്രീകളെ കവർച്ച ചെയ്ത കേസിലെ പ്രതിയെ കുറഞ്ഞസമയത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് സമൂഹത്തിന്റെ കൈയടിനേടിയ പൊൻകുന്നം പോലീസ്, നിയമം നിയമത്തിന്റെ വഴിക്ക് നീക്കിയപ്പോഴും, നല്ല മനഃസാക്ഷി കാത്തുസൂക്ഷിച്ച് പ്രതിയോട് കാരുണ്യം കാണിച്ചപ്പോൾ അവർ പോലീസ് സേനയ്ക്കാകെ മാതൃകയായി.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബൈക്കിലെത്തി വയോധികയുടെ മാല തട്ടിയെടുത്ത കേസിലെ പ്രതി തിരുവനന്തപുരം പാറശാല സ്വദേശിയും ഏലപ്പാറയിൽ വാടകയ്ക്ക് താമസിച്ച് വരുന്നയാളുമായ കുവരകവിള വീട്ടിൽ സാജു പ്രസാദിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ ഇദ്ദേഹത്തിന്റെ ഭാര്യ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. അതോടെ ഒറ്റപ്പെട്ടുപോയ ഏകമകനാകട്ടെ ആരും തുണയില്ലാതെ വന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.
ഇവരുടെ സ്വദേശം പാറശാല ആയിരുന്നതിനാൽ ഇവർക്ക് ബന്ധുക്കളാരും സഹായത്തിനില്ലാത്ത സാഹചര്യത്തിൽ, ശവസംസ്കാരം നടത്തുവാൻ പോലും ആരും ഇല്ലാതിരുന്ന അവസ്ഥയിൽ, പൊൻകുന്നം പോലീസ് പ്രത്യേക അനുമതി വാങ്ങി സംസ്കാര ചടങ്ങുകൾക്ക് പ്രതിയെ സ്ഥലത്തെത്തിക്കുകയും സംസ്കാര ശുശ്രൂഷകളുടെ ചെലവുകൾ ഉൾപ്പെടെ വഹിക്കുകയും ചെയ്തു. .
കട്ടപ്പന നഗരസഭ ശ്മശാനത്തിലാണ് ചടങ്ങ് നടന്നത്. സമീപ പ്രദേശത്തു നിന്ന് തന്നെ കർമത്തിനുളള ആളെ കണ്ടെത്തുകയും പൂജാദ്രവ്യങ്ങൾ ഉൾപ്പെടെ വാങ്ങിച്ച് നല്കുകയും കർമിക്കുള്ള ചെലവ് ഉൾപ്പെടെ നല്കിയതും പോലീസ് തന്നെയാണ്. പ്രതി സാജു പ്രസാദ് പൊൻകുന്നം സബ് ജയിലിൽ റിമാൻഡിലാണ്. ഭാര്യയുടെ മരണത്തോടെ അനാഥമായ ഇവരുടെ മകനെ ചൈൽഡ് ലൈനിൽ പോലീസ് തന്നെ എത്തിച്ചു. കുട്ടിയുടെ തുടർന്നുള്ള ജീവിതത്തിന് സ്പോൺസറയും തേടുകയാണ് ഇവർ. പൊൻകുന്നം സിഐ എം.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് മരണാനന്തരകർമങ്ങൾ നടത്തിയത്.