മഹാമാരിക്കാലത്ത് നല്ലൊരു മനുഷ്യനാകാം എന്ന സന്ദേശവുമായി ‘ചേലുള്ള ചേനപ്പാടി’ കൂട്ടായ്മ ഒത്തൊരുമയുടെ മാതൃക

ചേനപ്പാടി: “നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” എന്ന ചൊല്ല് അന്വർഥതമാക്കുകയാണ് ചേനപ്പാടി എന്ന കൊച്ചു ഗ്രാമം കോവിഡ് ദുരിതങ്ങൾക്കിടയിൽ പരസ്പരം താങ്ങും തണലുമായി അതിജീവനത്തിന്റെ പാത സ്വയം വെട്ടിത്തുറന്ന് ചേനപ്പാടി ഗ്രാമം മഹാമാരിയിൽ വീണുപോകാതെ പിടിച്ചുനിൽക്കുകയാണ്. എരുമേലി ഗ്രാമപഞ്ചായത്തിലെ 1,2,3 വാർഡുകൾ ഉൾക്കൊള്ളുന്ന ചേനപ്പാടി എന്ന ഗ്രാമമാണ് സേവനരംഗത്ത് മാതൃകയാവുന്നത്.

183 പേരുള്ള സംഘം, അവരിൽ പത്തുപേർക്ക് നേതൃത്വം. അവരൊത്തുപിടിച്ച് ചേനപ്പാടി എന്ന നാടിന് കോവിഡ് കാലത്ത് കരുത്തേകുകയാണ്. ഇവിടെ രാഷ്ട്രീയമില്ല, ജാതിമത വേർതിരിവില്ല. മഹാമാരിക്കാലത്ത് നല്ലൊരു മനുഷ്യനാകാം എന്ന സന്ദേശവുമായി അന്നാട്ടുകാർ ഓരോരുത്തരും കരുതിവെച്ച് നാടിനായി സമർപ്പിക്കുകയാണ്. ‘

എല്ലാറ്റിനും നേതൃത്വം നൽകുന്നത് ചേലുള്ള ഗ്രാമം ചേനപ്പാടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ചേനപ്പാടി വികസന സമിതി എന്ന സംഘടനയും അതിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയും. രാഷ്ട്രീയം, മതം, ജാതി എന്നീ വ്യത്യാസം ഇല്ലാതെ, കൊടി ഇല്ലാതെ, യൂണിഫോം ഇല്ലാതെ ചേനപ്പാടിയിലെ എല്ലാ വീടുകളിലും സേവനം തുടരുകയാണിവർ.

കോവിഡ് രോഗികളുടെ അടക്കം എല്ലാ വീടുകളിലും 1400 രൂപ വിലയുള്ള ഭക്ഷ്യ കിറ്റുകളാണിവർ എത്തിച്ചത്. എല്ലാ വീടുകളിലും കുട്ടികൾക്ക് ബ്രഡ്ഡും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്.

ആശ വർക്കർമാർക്ക് പി.പി.ഇ.കിറ്റുകൾ, പൾസ് ഓക്‌സി മീറ്റർ എന്നിവ സൗജന്യമായി നൽകി. സന്നദ്ധ സംഘടനകളിലേ വോളന്റിയർമാർക്കും പി.പി.ഇ.കിറ്റുകൾ നൽകി. ഒപ്പം അവരുടെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാ ദിവസവും മുട്ടയും പാലും വിറ്റാമിൻ ഗുളികകളും നൽകി വരുന്നു.

പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഒരാഴ്ച വേണ്ട വിഭവങ്ങൾ സ്ഥിരമായി നൽകുന്നതും ഈ കൂട്ടായ്മ. കുട്ടികൾക്കുള്ള പാൽപ്പൊടി വിതരണം, രോഗികൾക്ക് ഉള്ള വാഹന സർവീസ് ഇങ്ങനെ തുടരുകയാണ് സേവനങ്ങൾ.

ഇപ്പോൾ നാട്ടുകാർ പിറന്നാൾ, വിവാഹവാർഷികം, വിവാഹം ഇവയുടെ ചിലവിനുള്ള തുക ബ്രഡ്ഡും ബിസ്‌ക്കറ്റും വാങ്ങാനുള്ള ചേനപ്പാടി വികസന സമിതിയുടെ പദ്ധതിയിലേക്ക് നൽകുന്നുണ്ട്.
ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു യുവാവിന് അടിയന്തര ചികിത്സക്ക് പണം നൽകുന്നുമുണ്ട്.

ചേനപ്പാടി മുമ്പും ഒന്നിച്ചിട്ടുണ്ട്. ക്യാൻസർ ബാധിതനായ ഒരു വ്യക്തിയുടെ ചികിത്സക്കായി രക്തം നൽകാൻ ബസ് പിടിച്ച് ജനങ്ങൾ മൊത്തം ആശുപത്രിയിലേക്ക് പോയ ഗ്രാമമാണ് ചേനപ്പാടി.

സേവന പ്രവർത്തനങ്ങൾ ഇങ്ങനെ :

• ആവശ്യക്കാർക്കെല്ലാം ഭക്ഷ്യകിറ്റ്(1400 രൂപ വിലയുള്ളത്).

• ബ്രെഡ് ഫോർ ബേബി എന്ന പദ്ധതിയിൽ എല്ലാ വീടുകളിലെയും കുട്ടികൾക്ക് പാലും ബിസ്‌കറ്റും. കൂടാതെ പാൽപ്പൊടിയും.

• ആശാപ്രവർത്തകർക്ക് കോവിഡ് സുരക്ഷാ ഉപാധികൾ, പൾസ് ഓക്‌സിമീറ്റർ.

• സന്നദ്ധപ്രവർത്തകർക്ക് ആരോഗ്യസംരക്ഷണത്തിന് എല്ലാ ദിവസവും മുട്ടയും പാലും വൈറ്റമിൻ ഗുളികകളും

• സമൂഹ അടുക്കളയിലേക്ക് ഒരാഴ്ചത്തേക്ക് വേണ്ട വിഭവങ്ങൾ സ്ഥിരമായി.

• രോഗികൾക്കുള്ള വാഹനസർവീസ്

• കിടപ്പുരോഗികൾക്ക് സാന്ത്വനപരിചരണം

• ആശുപത്രിയിൽ കഴിയുന്നവർക്ക് ചികിത്സാസഹായം

error: Content is protected !!