കോവിഡ് ദുരിത ബാധിതർക്ക് പിണ്ണാക്കനാട് വരകുകാലായിൽ സിനിൽ.വി. മാത്യു സൗജന്യമായി നൽകുന്നത് 26 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 40,000 മൂട് കപ്പ
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ പ്രളയകാലത്ത് ദുരിതത്തിൽ പെട്ടവരെ സഹായിക്കുവാൻ രാപ്പകലില്ലാതെ ഓടിനടന്ന് സന്നദ്ധസേവനം നടത്തിയ പിണ്ണാക്കനാട് വരകുകാലായിൽ സിനിൽ വി. മാത്യു, ഈ കോവിഡ് ദുരിത കാലത്തും കാരുണ്യ വഴിയിൽ തന്നെ. ലക്ഷക്കണക്കിന് രൂപ ചിലവിട്ട് അറുപതിൽ പരം ജോലിക്കാരെ ഉപയോഗിച്ച് പലപ്ര പഴുത്തടം ഭാഗത്തുള്ള തന്റെ 26 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 40,000 മൂട് കപ്പ സൗജന്യമായി കോവിഡ് ദുരിത ബാധിതർക്ക് നൽകുകയാണ് അദ്ദേഹം. സൗജന്യമായി മരച്ചീനി ലഭിക്കുമെന്നറിഞ്ഞ് മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പാറത്തോട്, കാഞ്ഞിരപ്പള്ളി ചിറക്കടവ്, എലിക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നെല്ലാം അനേകം സന്നദ്ധ പ്രവർത്തകരാണ് കപ്പ പറിച്ചുകൊണ്ടു പോകുവാൻ വാഹനവുമായി ദിവസേന പലപ്രയിൽ എത്തുന്നത്.
കോവിഡ് ദുരിത ബാധിതർ ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന ലക്ഷ്യത്തോടെ സഹായത്തിന്റെ ആശ്വാസ ദൂതുമായ് സിനിലും കുടുംബവും. പിണ്ണാക്കനാട് വരകുകാലായിൽ സിനിൽ.വി. മാത്യു,
എക്സൽ ഗ്രാനൈറ്റ്സ് എന്ന പേരിൽ പാറത്തോട്ടിലെ പഴുത്തടത്ത് ചെറിയ ഒരു വ്യവസായ സംരംഭവുമായി 15 വർഷം മുൻപ് ആരംഭിച്ച സീനിൽ, കഠിനാദ്ധ്വാനത്തിലൂടെ സ്ഥാപനം നല്ല നിലയിലാക്കി. ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും കൂടെയുള്ള തൊഴിലാളികൾക്കും സഹായമാവശ്യമുള്ളവർക്കും എത്തിക്കുന്നതിൽ യാതൊരു ലോഭവും നാളിതുവരെ സിനിൽ വരുത്തിയിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി സ്ഥാപനം സർക്കാർ കോടതി നിയന്തണങ്ങൾ മൂലം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും, തന്റെ കൂടെയുള്ള
അറുപതോളം തൊഴിലാളികൾക്ക് തൊഴിൽ നൽകുവാനാണ് തന്റെ 26 ഏക്കർ സ്ഥലത്ത് കപ്പ കൃഷി ചെയ്തു തുടങ്ങിയത്. ലക്ഷകണക്കിന് രൂപ പണിക്കൂലിയായി ചെലവിട്ടാണ് 40,000 മൂട് കപ്പ വിളയിച്ചെടുത്തത്.
ശരാശരി ഒരു മുട് 25 കിലോ കപ്പ വരും.വിറ്റഴിച്ചാൽ സാമാന്യം നല്ല വില ഉറപ്പുമായിരുന്നു. അതിലൂടെ സ്ഥാപനത്തിന്റെ കുറെ ബാദ്ധ്യതകളും ഒഴിവാക്കാമായിരുന്നു. അപ്പോളാണ് കോവിഡ് രണ്ടാം വ്യാപനവും.ജനങ്ങളുടെ ബുദ്ധിമുട്ടും സിനിലിന്റെ ശ്രദ്ധയിൽ പെട്ടത്.
സിനിൽ വിവിധ രാഷ്ട്രീയ നേതാക്കൻമാരെയും, ജനപ്രതിനിധികളെയും വിളിച്ച് മുഴുവൻ കപ്പയും നാടിനായി സംഭാവന ചെയ്തു. അതനുസരിച്ചു കഴിഞ്ഞ കുറെ ദിവസങ്ങളായി സന്നദ്ധപ്രവർത്തകർ സിനിലിന്റെ തോട്ടത്തിൽ നിന്നും കപ്പ വലിയ തോതിൽ ശേഖരിച്ചു കോവിഡ് ദുരിത ബാധിതർക്ക് വിതരണം ചെയ്തുവരുന്നുണ്ട്.
സിനിലിൻ്റെ ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളായ മക്കൾ ബോണിയും ബേസിലും ഈ ലോക്ക് ഡൗൺ കാലത്ത് പിതാവുമൊത്ത് സാമൂഹ്യ സേവനത്തിൽ സജീവമാണ് . ഭാര്യ ചിറക്കടവ് താമരക്കുന്നേൽ കുടുംബാംഗമായ ടിൻസി എല്ലാ പിന്തുണയും നൽകി വരുന്നു.
കോവിഡ് ദുരിത ബാധിതർക്കായി സൗജന്യമായി മരചീനി നൽകുന്നതിന്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ.എ. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണി കുട്ടി മഠത്തിനകത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു.