അപകടാവസ്ഥയിലായ വീട്ടിൽക്കഴിഞ്ഞ വയോധികയെ പോലീസ് അയൽവീട്ടിലേക്ക് മാറ്റി

ചെറുവള്ളി: ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിൽ ഒറ്റയ്ക്കുകഴിഞ്ഞിരുന്ന 77-കാരിയെ പോലീസെത്തി അയൽവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചെറുവള്ളി പുളിച്ചുമാക്കൽ ഭാഗത്ത് പാറയ്ക്കമുറിയിൽ സരസ്വതിയമ്മയ്ക്കാണ് അയൽവാസിയുടെയും പോലീസിന്റെയും കാരുണ്യപ്രവൃത്തിയാൽ തത്കാലത്തേക്ക് മാറിത്താമസിക്കാൻ സൗകര്യമൊരുങ്ങിയത്.

ഇവരുടെ ഭർത്താവും മകനും നേരത്തേ മരിച്ചതാണ്. ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിൽക്കഴിയുന്ന ഇവരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കാൻ ചിറക്കടവ് പഞ്ചായത്ത് അധികൃതർ മണിമല പോലീസിന്റെ സഹായം തേടിയിരുന്നു. വീടുവിട്ടുപോകാൻ കൂട്ടാക്കാതിരുന്ന സരസ്വതിയമ്മയെ പോലീസുദ്യോഗസ്ഥർ സാഹചര്യം പറഞ്ഞുമനസ്സിലാക്കി മറ്റെവിടേക്കെങ്കിലും മാറ്റിപ്പാർപ്പിക്കാമെന്ന് അറിയിച്ചു. കാറ്റിലും മഴയിലും അപകടമുണ്ടാകാമെന്ന് ഇവരെ ബോധ്യപ്പെടുത്തിയാണ് മനസ്സുമാറ്റിയത്.

തത്കാലം ഇവരെ പാർപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച അയൽവാസി പുളിച്ചുമാക്കൽ ശ്രീധരൻപിള്ളയുടെ വീട്ടിലേക്ക് മാറ്റി. മണിമല എസ്.ഐ. ഷംസുദ്ദീൻ, എ.എസ്.ഐ.മാരായ മനോജ്, ഡി.സുഭാഷ്, സി.പി.ഒ. ഷാഹിദ ബീഗം എന്നിവരാണ് സഹായത്തിനെത്തിയത്.

error: Content is protected !!