മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും ലഭിച്ചത് തീവ്രമഴ .. മുണ്ടക്കയത്ത് 175, കാഞ്ഞിരപ്പള്ളിയിൽ 161 മില്ലീമീറ്റർ മഴ ലഭിച്ചു

കാഞ്ഞിരപ്പള്ളി : ഈ വർഷം ഏറ്റവും കൂടുതൽ മഴ ചെയ്തത് ഇന്നലെയായിരുന്നു. വേനൽ മഴയുടെ രണ്ടാം തരംഗത്തിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്ത്. മുണ്ടക്കയത്ത് ഇന്നലെ 175 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. തൊട്ടുപിറകിൽ നിൽക്കുന്ന കാഞ്ഞിരപ്പള്ളിയിൽ ലഭിച്ചത് 161 മില്ലീമീറ്റർ മഴ. ഇതു തീവ്രമഴയാണെന്നു വിദഗ്ധർ പറഞ്ഞു.

തീവ്രമഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി . കനത്ത മഴയ്‌ക്കൊപ്പം എത്തിയ കാറ്റ് പല മേഖലകളിലും കനത്ത നാശമാണു വിതച്ചത്. മഴ ശ്കതമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്.
ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

മണിമലയാറ്റിൽ കല്ലൂപ്പാറയിലെ സ്കെയിലിൽ ഇന്നലെ വൈകിട്ടു നാലോടെ ജലനിരപ്പ് അപകടനില കടന്നു. 6 മീറ്ററാണ് അപകടനില. 6.35 മീറ്ററാണ് ഇവിടെ ജലനിരപ്പ്. രണ്ടടി കൂടി ഉയർന്നാൽ മുണ്ടക്കയം കോസ്‌വേ പാലത്തിൽ വെള്ളം കയറും. പഴയിടം കോസ്‌വേ പാലത്തിൽ വെള്ളം മുട്ടിയൊഴുകുന്ന സ്ഥിതിയാണ്.

പമ്പാനദിയിലെ കണമല, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകളാണ് വെള്ളത്തിലായത്. ഗ്രാമങ്ങൾ മണിക്കൂറുകളോളം ഒറ്റപ്പെട്ടു. ചാത്തൻതറ പെരുന്തേനരുവി ഡാമിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകി.

error: Content is protected !!