വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന മരച്ചീനി കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് വഴി മരച്ചീനി കിലോയ്ക്ക് 12 രൂപയ്ക്ക് സംഭരിക്കും

.

വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന മരച്ചീനി കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. ഹോർട്ടികോർപ്പ് സംഭരിക്കുന്ന മരച്ചീനിക്ക് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും തറവിലയായ 12 രൂപ നൽകാൻ കൃഷിവകുപ്പിന്റെ തീരുമാനം. കർഷകർക്ക് തറവില ഉറപ്പുവരുത്താൻ എല്ലാ കൃഷി ഓഫീസർമാരും ഉടൻ ഇടപെടണമെന്നും നിർദേശം നൽകി.

വിലയിടിവ് പരിഹരിക്കാൻ കഴിഞ്ഞ ആഴ്ച മുതൽ ഹോർട്ടികോർപ്പ് മരച്ചീനി സംഭരിക്കാൻ തീരുമാനിച്ചിരുന്നു. കിലോവിന് ഏഴു രൂപയ്ക്കാണ് സംഭരിക്കുന്നത്. തറവില പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് കിലോവിന് 12 രൂപയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഏഴു രൂപയുമാണ് വില നിശ്ചയിച്ചത്. മരച്ചീനി കർഷകരിൽ 90 ശതമാനവും തറവില പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവരാണ്. അതുകൊണ്ടുതന്നെ തറവിലയുടെ ആനുകൂല്യം ആർക്കും കിട്ടാത്ത സ്ഥിതി വന്നു. ഇതുസംബന്ധിച്ച് പരാതി വന്നതോടെയാണ് സംഭരിക്കുന്ന മുഴുവൻ മരച്ചീനിക്കും 12 രൂപ നൽകാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള ഉത്തരവ് ഇറങ്ങി. ഹോർട്ടികോർപ്പ് നൽകുന്ന ഏഴു രൂപ കർഷകർക്ക് ആദ്യം ലഭിക്കും. ശേഷിക്കുന്ന അഞ്ചു രൂപ തറവില ഫണ്ടിൽ നിന്ന്‌ പിന്നീട് അവരുടെ അക്കൗണ്ട് വഴി വിതരണം ചെയ്യും.

ഹോർട്ടികോർപ്പ് നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സംഭരണം ആരംഭിച്ചു. നേരിട്ടും ക്ഷീരസംഘങ്ങൾ വഴിയുമാണ് സംഭരണം. പച്ചക്കപ്പ സംസ്കരിക്കുന്ന സ്വകാര്യ ഡ്രയറുകൾ ഉള്ളവരുമായി സഹകരിച്ച് ഉണക്ക കപ്പ ആക്കിയും വിൽപ്പന നടത്തും. കപ്പ ചിപ്സ് ആക്കാനും നൽകുന്നുണ്ട്.

മരച്ചീനി സംഭരണത്തിന് ഏറെ പരിമിതികളുണ്ടെന്ന് അധികൃതർ പറഞ്ഞു. സംസ്കരിക്കാനും മൂല്യവർധിത ഉത്‌പന്നങ്ങളാക്കാനുമുള്ള സൗകര്യം വളരെ കുറവാണ്. ഇതാണ് പ്രധാന പ്രതിസന്ധി. കോവിഡ് നിയന്ത്രണം മൂലം വിപണികളെല്ലാം തകർന്നു.

സംസ്ഥാനത്ത് ഒട്ടാകെ 7000 ടൺ കപ്പയെങ്കിലും ഹോർട്ടികോർപ്പ് വഴി സംഭരിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ വിളവെടുക്കാനുള്ളതിന്റെ ചെറിയ അളവ് മാത്രമേ സംഭരിക്കാൻ കഴിയൂ. അതിനുള്ള സംവിധാനമേ നിലവിലുള്ളൂ. കോവിഡ് നിയന്ത്രണം ഇനിയും തുടർന്നാൽ ഇതിനേക്കാൾ കൂടുതൽ സംഭരിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു.

error: Content is protected !!