വായിൽ എല്ല് കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു
എല്ല് കുടുങ്ങിയതിനാൽ വായ തുറക്കാനാവാത്തനിലയിൽ തെരുവുനായ
പൊൻകുന്നം: ആരെങ്കിലും കരുണകാട്ടുമെന്ന പ്രതീക്ഷയിൽ മൂന്നുദിവസമാണ് തെരുവുനായ വായിൽ കുടുങ്ങിയ എല്ലിൻകഷണവുമായി അലഞ്ഞത്. മുൻപിലെത്തുന്നവരെ ദയനീയമായി നോക്കും; തന്നെ രക്ഷിക്കാനാവുമോ എന്ന ചോദിക്കും പോലെ. വായ തുറക്കാനോ തീറ്റ കഴിക്കാനോ ആവാതെ അലഞ്ഞ നായയെ മൃഗസ്‌നേഹികളുടെ കരുണ രക്ഷപ്പെടുത്തി.
പൊൻകുന്നം-പാലാ റോഡിൽ പൊൻകുന്നം ടൗണിലെ ജയ സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയുടെ മുൻപിൽ പതിവായി ചുറ്റിപ്പറ്റിനിൽക്കുന്ന നായയാണ് ഗതികേടിലായത്. വഴിയിലെവിടെനിന്നോ കടിച്ചെടുത്ത എല്ലിൻകഷണം പല്ലിൽകുടുങ്ങി വായയ്ക്കുള്ളിൽ നിറഞ്ഞ നിലയിലായിരുന്നു.
വായ തുറക്കാനോ തീറ്റകഴിക്കാനോ ആവാതെ മരണവെപ്രാളത്തിലായിരുന്നു മൂന്നുദിവസം അലച്ചിൽ.
പ്രദേശവാസിയായ ചേന്നംപള്ളിൽ പ്രകാശ് മൃഗസ്‌നേഹികളുടെ സംഘടനയായ ആരോയിൽ(ആനിമൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ്) വിവരം അറിയിച്ചു. സംഘടനയിലെ അംഗമായ കപ്പാട് സ്വദേശി നോബിയാണ് രക്ഷയ്ക്കെത്തിയത്.
ജയ സ്റ്റോഴ്‌സിലെ ജീവനക്കാരായ അനീഷും ബാബുവും സഹായത്തിനെത്തി. മൂവരും ചേർന്ന് എല്ലിൻകഷണം പുറത്തെടുത്തു.