ഇരുനിലവീടിന്റെ കിടപ്പുമുറി വാറ്റുകേന്ദ്രം ; എക്‌സൈസ് കണ്ടെടുത്തത് 20 ലിറ്റർ ചാരായവും 385 ലിറ്റർ കോടയും
പൊൻകുന്നം എക്‌സൈസ് സംഘം ഇളങ്ങുളത്ത് റെയ്ഡിൽ കണ്ടെടുത്ത ചാരായവും കോടയും വാറ്റുപകരണങ്ങളുമായി
പൊൻകുന്നം: ഇരുനില വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തിൽ നിന്ന് എക്‌സൈസ് സംഘം 20 ലിറ്റർ ചാരായവും 385 ലിറ്റർ കോടയും പിടികൂടി. ഇളങ്ങുളം പൗർണമിയിൽ ആർ.അശോക് കുമാറി(35)ന്റെ വീട്ടിൽ നിന്നാണിവ കണ്ടെടുത്തത്.
എക്‌സൈസ് സംഘത്തെ കണ്ട പ്രതി മുകൾനിലയുടെ പിൻവാതിലിൽക്കൂടി ചാടി റബ്ബർത്തോട്ടത്തിലൂടെ ഓടി രക്ഷപെട്ടു. ഗ്യാസ് സിലിൻഡറും സ്റ്റൗവും മറ്റു സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപയും കണ്ടെടുത്തു. അശോക് കുമാറിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.
ചെറുവള്ളി സ്വദേശിയായ അശോക് കുമാർ കുറച്ചുനാളായി ഇളങ്ങുളത്താണ് താമസം. ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ കുടുംബാംഗങ്ങളെ ഇവിടെനിന്ന് ഒഴിവാക്കിയാണ് ചാരായ നിർമാണം നടത്തിയിരുന്നത്.
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.ആർ.സുൽഫിക്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ വീട് ഏതാനും ദിവസമായി നിരീക്ഷണത്തിലായിരുന്നു.
പഴയ വാഹനങ്ങളുടെ വിൽപ്പനയും ഇടനിലയുമുള്ള പ്രതി ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചാരായക്കച്ചവടം നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് ആവശ്യക്കാരേറെയായതിനാൽ ലിറ്ററിന് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് വിറ്റിരുന്നത്. ഈ വിൽപ്പനവില കണക്കാക്കിയാൽ മൂന്നുലക്ഷം രൂപയിലേറെ വിറ്റുവരവിനുള്ള കോടയും ചാരായവുമാണ് വീട്ടിലുണ്ടായിരുന്നത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സഞ്ജീവ്കുമാർ, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ.നന്ദ്യാട്ട്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എസ്.ശ്രീലേഷ്, എം.ജി.അഭിലാഷ്, കെ.എസ്.നിമേഷ്, ഡ്രൈവർ എം.കെ.മുരളീധരൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.