15 ഗ്രാം കഞ്ചാവ്, പിടിച്ചത് സിനിമാ സ്റ്റൈലിൽ; ഒരാൾ അറസ്റ്റിൽ; സഹായി ബൈക്കിൽ രക്ഷപ്പെട്ടു
എരുമേലി: ബൈക്കിൽ വരുന്ന വില്ലനെ പിടിക്കാൻ നായകനായ പോലീസ് വഴിയരികിൽ കാത്തുനിൽക്കുന്നു. പോലീസിനെ കണ്ട വില്ലൻ അടുത്തെത്തിയപ്പോൾ ബൈക്ക് വേഗം കുറച്ചതിനുശേഷം പായുന്നു. നായകൻ പെട്ടെന്ന് മാറിയതിനാൽ അപകടമില്ലാതെ രക്ഷപ്പെട്ട് ബൈക്കിനു പിന്നാലെ ഓടുന്നു. സിനിമാക്കഥപോലെയായിരുന്നു എരുമേലിയിൽ ഞായറാഴ്ച പോലീസിന്റെ കഞ്ചാവ് വേട്ട.
ബൈക്ക് ഓടിച്ച യുവാവ് രക്ഷപ്പെട്ടു. 15 ഗ്രാം കഞ്ചാവുമായി ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് പിടിയിലായി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മുട്ടപ്പള്ളി വെള്ളാപ്പള്ളി വീട്ടിൽ അരവിന്ദ് (22) ആണ് 15 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ബൈക്ക് ഓടിച്ചിരുന്ന മുട്ടപ്പള്ളി സ്വദേശിയായ യുവാവ് രക്ഷപ്പെട്ടു.
മുക്കട-ഇടമൺ റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ സ്ഥലത്തേക്ക്. മുക്കട ജങ്ഷനിൽ പോലീസ് വാഹനം ക്യാമ്പ് ചെയ്യുന്നു.
ഇതിനിടെ മറ്റൊരു കേസ് അന്വേഷണത്തിനായി പോലീസ് ജീപ്പ് കനകപ്പലം വഴിയിലേക്ക്. കാത്തുകിടന്ന ഓട്ടോറിക്ഷ ചെറുവള്ളി എസ്റ്റേറ്റ് വഴി എരുമേലിയിലേക്കും തിരികെ വരുന്നു.
യുവാക്കൾ ചെറുവള്ളി എസ്റ്റേറ്റ് വഴി വരുന്നതായി വിവരം. കനകപ്പലത്തുനിന്ന് പോലീസ് കല്യാണിമുക്ക് വഴി ചെറുവള്ളിയിലേക്ക്. ഹെൽമെറ്റും മുഖാവരണവും ഇല്ലാതെ ബൈക്കിൽ യുവാക്കൾ പാഞ്ഞുവരുന്നത് കണ്ട് സംശയം തോന്നിയ പോലീസ് വാഹനം സൈഡിലൊതുക്കി ബൈക്കിന് കൈ കാണിക്കുന്നു. പാഞ്ഞെത്തിയ ബൈക്ക് വേഗം കുറച്ചപ്പോൾ നിർത്താനെന്ന് കരുതി പിന്നിലിരുന്ന യുവാവ് പുറകിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമം. എന്നാൽ ബൈക്ക് ഓടിച്ച യുവാവ് വേഗം കുറച്ചശേഷം നിർത്താതെ പോയി. അബദ്ധം പറ്റി ചാടിയ യുവാവ് ബൈക്കിൽ കയറാൻ അരകിലോമീറ്ററോളം പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. എസ്.എച്ച്.ഒ.യും പോലീസും പിന്നാലെ ഓടി പിടികൂടി.
ബൈക്ക് ഓടിച്ച യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ കഞ്ചാവ്, ലഹരിഗുളിക വിൽപ്പനയുടെ ഇടനിലക്കാരാണെന്നാണ് വിവരം. മുക്കടയിൽനിന്നാണ് കഞ്ചാവും ലഹരിഗുളികയും വാങ്ങുന്നതെന്നും പോലീസ് പറയുന്നു. ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ ഉപയോഗിക്കാൻ വാങ്ങിയതെന്നാണ് പിടിയിലായ യുവാവിന്റെ മൊഴി. എരുമേലി പഞ്ചായത്തിന്റെ ഒട്ടുമിക്ക വാർഡുകളിലും വിജനമായ പ്രദേശങ്ങളിൽ കഞ്ചാവും ലഹരിഗുളികകളും ഉപയോഗിക്കുന്നവർ കേന്ദ്രീകരിക്കുന്നതായി വിവരമുണ്ട്. അന്വേഷണവും പരിശോധനയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപകമാക്കുമെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവ് ഉപയോഗം, വിൽപ്പന എന്നിവ ശ്രദ്ധയിൽപ്പെടുന്നവർ 9497987078 (എസ്.എച്ച്.ഒ. എരുമേലി), 04828 210 000(എക്‌സൈസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.