സ്ത്രീധനത്തിന്റെ പേരിലുൾപ്പെടെ പീഡനം നേരിടുന്ന സ്ത്രീകൾക്ക് ആശ്രയമേകാൻ
പറയാനേറെയുണ്ട് സങ്കടങ്ങൾആര് കേൾക്കാൻ… വർഷത്തെ കണക്കുകൾ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്നുള്ള മരണം-1 മറ്റ് തരത്തിലുള്ള മാനസിക പീഡനംമൂലമുള്ള മരണം-10 (2021 -0, 2020-3, 2019-2, 2018-2, 2016-2, 2015-1) സ്ത്രീധനപീഡന കേസുകൾ-500 (2021-33, 2020-75, 2019-87, 2018-70, 2017-99, 2016-121, 2015-135) (അവലംബം-ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ) വനിതാ സംരക്ഷണ ഓഫീസർക്ക് മുൻപാകെ വന്ന പരാതികൾ (2021-150, 2020-407, 2019-443, 2018-418, 2017-333, 2016-316)നേരിടണം ജീവിതസാഹചര്യങ്ങളെ പരിഹാരം…
സ്ത്രീധനത്തിന്റെ പേരിലുൾപ്പെടെ പീഡനം നേരിടുന്ന സ്ത്രീകൾക്ക് ആശ്രയമേകാൻ കോട്ടയം ജില്ലയിൽ എന്തുണ്ട്? നല്ല രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ ജില്ലയിലുണ്ടെങ്കിലും അവയിലെല്ലാം പരാധീനതകൾ ധാരാളമാണ്.
വൺ സ്റ്റോപ്പ് കേന്ദ്രത്തിന് കെട്ടിടമായില്ല
പൊതു-സ്വകാര്യയിടങ്ങളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിതാ ശിശുവികസനവകുപ്പ് പ്രഖ്യാപിച്ച സഖി വൺ സ്റ്റോപ്പ് കേന്ദ്രം ജില്ലയിൽ ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. കുമരകത്തെ പഞ്ചായത്ത് കെട്ടിടത്തിൽ താത്കാലികമായി 2019-ൽ ഇത് ആരംഭിച്ചെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്. ആകെയൊരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇപ്പോഴവിടെയുള്ളത്. കെട്ടിടം നിർമിക്കാനായി ഏറ്റുമാനൂരിൽ സ്ഥലം കണ്ടെത്തി പ്രദേശം വെട്ടിത്തെളിച്ചെങ്കിലും വനംവകുപ്പ് മരങ്ങൾ മാറ്റാത്തത് ഉൾപ്പെടെയുള്ള പല സാങ്കേതികപ്രശ്നങ്ങളാൽ പദ്ധതി നിലച്ചിരിക്കുകയാണ്.
അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ആശുപത്രി-പോലീസ് സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സഹായത്തോടെ നടത്തുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് കേന്ദ്രം. അതിക്രമം നേരിട്ടവർക്ക് അഞ്ച് ദിവസംവരെ താമസിക്കാനും അവിടെ സൗകര്യമുണ്ടായിരിക്കും.
സർവീസ് പ്രൊവൈഡിങ് സെന്ററുകളില്ല, ഉദ്യോഗസ്ഥരില്ല
വനിതാ സംരക്ഷണഓഫീസിൽ പരാതിയുമായി എത്തുന്നവർക്ക് അഭിഭാഷകന്റെ സൗജന്യസേവനം ഉൾപ്പെടെ നൽകാനായി അഞ്ച് സർവീസ് പ്രൊവൈഡിങ് സെന്ററുകളാണ് ജില്ലയിലുള്ളത്. വൈക്കം, പാലാ, ഏറ്റുമാനൂർ, അതിരമ്പുഴ, കല്ലറ എന്നിങ്ങനെ ബ്ലോക്ക് തിരിച്ചാണ് അവ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ജില്ലയിലെ ആറ് ബ്ലോക്കുകളിൽകൂടി ഇനിയും സെന്റർ സ്ഥാപിക്കേണ്ടതുണ്ട്.
അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് പരാതിപ്പെടാനുള്ള ജില്ലയിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥരായ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെയും വനിതാ സെൽ സി.ഐ.യുടെയും കസേര കഴിഞ്ഞ ഒരുമാസമായി ഒഴിഞ്ഞുകിടക്കുകയുമാണ്. ജില്ലാ വനിതാ സംരക്ഷണ ഓഫീസർകൂടി ചേർന്നാണ് ഗാർഹിക പീഡന കേസുകളിൽ ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ.) പൂർത്തിയാക്കേണ്ടത്.
ദുർബലമായ കേസുകൾ
2016-ൽ വൈക്കത്ത് യുവതി ആത്മഹത്യ ചെയ്ത ഒരു കേസിൽ പിന്നീട് ഭർത്താവിനെ കോടതി വെറുതെവിട്ടു. ബന്ധുക്കളുടെ മൊഴിയും സംഭാഷണങ്ങളുമൊക്കെയാണ് കേസിന് തെളിവുകളായി ലഭിക്കുക എന്നതിനാൽ പലപ്പോഴും ഇത്തരം കേസുകകൾ ദുർബലമായിരിക്കും. വർഷങ്ങളോളം നീളുന്ന നിയമപ്രക്രിയയെ തുടർന്ന് പലപ്പോഴും സ്ത്രീകളുടെ മാതാപിതാക്കളും മറ്റും ആരോപണങ്ങളിൽനിന്ന് പിന്തിരിയുന്ന സാഹചര്യങ്ങളുമുണ്ട്.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ 304-ബി ഐ.പി.സി.യിലും മറ്റ് തരത്തിലുള്ള മാനസികപീഡനത്തെ 498 എ 306 ഐ.പി.സി.യിലും ഉൾപ്പെടുത്തിയാണ് കേസെടുക്കുന്നത്.
അഞ്ചുവർഷത്തിനിടെ 11 മരണങ്ങൾ
ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭർതൃഗൃഹത്തിൽനിന്നുള്ള മാനസികപീഡനംമൂലം ആത്മഹത്യ ചെയ്തത് 10 സ്ത്രീകളാണ്. പോലീസ് ആകെ രജിസ്റ്റർ ചെയ്തത് 500 സ്ത്രീധനപീഡന കേസുകൾ. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിനെ തുടർന്ന് ഒരു യുവതിയും ജില്ലയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർക്ക് ലഭിച്ചത് 2067 പരാതികളാണ്. 2016-ൽ ചെങ്ങളത്ത് 26-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കുമെതിരേ പെൺകുട്ടിയുടെ സഹോദരന്റെ പരാതിയിൽ കുമരകം പോലീസ് കേസെടുക്കുകയായിരുന്നു. കേസ് ഇപ്പോൾ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
മനീഷ പ്രശാന്ത്
കോട്ടയം
: ആത്മഹത്യാക്കുറിപ്പ് എഴുതി സൂക്ഷിച്ചുവെന്നതാണ് ഭർത്താവും ഇരുവീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അവൾക്കുമേൽ ചാർത്തിയ കുറ്റം. അവൾക്ക് പറയാനുള്ളത് ആർക്കും കേൾക്കേണ്ട. കേട്ടവർ അംഗീകരിച്ചതുമില്ല.
നല്ല ഭക്ഷണം, വില കൂടിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സഞ്ചരിക്കാൻ ആഡംബര കാർ… പറയുന്നതെന്തും വാങ്ങിത്തരുന്ന സ്നേഹസമ്പന്നനായ ഭർത്താവ്. വിവാഹം കഴിഞ്ഞ് ഒൻപത് വർഷമായിട്ടും കുഞ്ഞില്ല എന്നത് മാത്രമാണ് മറ്റുള്ളവരുടെ കണ്ണിൽ കുറവ്.
അവൾ തൃപ്തയായിരുന്നില്ല. കാരണം കൈയിലെത്തുന്നതിലൊന്നും അവളുടെ ഇഷ്ടങ്ങളില്ല. നാല് ചുവരിനുള്ളിൽ പോലും മൂളിപ്പാട്ട് പാടാൻ സ്വാതന്ത്ര്യമില്ല. ആവേശത്തോടെ പഠിച്ചെടുത്ത നൃത്തച്ചുവടുകൾ വെറുതെപോലും ചിവിട്ടാൻ പാടില്ല. സ്‌കൂൾ, കോളേജ് കാലത്ത് യുവജനോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അവൾക്ക് ഭർത്താവിന്റെ ചിന്തകളോട് പൊരുത്തപ്പെടാനാകുമായിരുന്നില്ല.
സമയത്തിന് ചികിത്സ തേടാനായത് ഭാഗ്യമായി അവൾ കാണുന്നു. ഡോക്ടറെ കാണുന്നതിൽ താത്പര്യം കാണിക്കാതിരുന്ന ഭർത്താവിനെ നിർബന്ധിച്ചില്ല. പരിമിതിക്കുള്ളിൽനിന്നുകൊണ്ട് ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ തുടർച്ചയായ കൗൺസിലിങ് അവളെ പ്രാപ്തയാക്കി. ജിംനേഷ്യം, നൃത്തം, പാട്ട് എന്നിങ്ങനെ സ്വന്തം ലോകത്ത് സന്തോഷം കണ്ടെത്തി. ആത്മഹത്യയെന്ന ചിന്ത ഇപ്പോൾ ഇല്ലേയില്ലെന്ന് പറയുമ്പോൾ മുഖത്തും കണ്ണുകളിലും സന്തോഷം അലതല്ലി.
മറ്റൊരു അനുഭവം
രാത്രിയിൽ സ്ഥിരമായി കേട്ടിരുന്ന ശബ്ദവും തീപ്പൊരി ചിതറുന്ന കാഴ്ചയും… ഈ ഓർമകൾ ഇന്നും അവളിൽ അസ്വസ്ഥതയുണ്ടാക്കും. ഭർത്താവ് കത്തി രാകിമിനുക്കുന്ന ശബ്ദം കേട്ട് ഉണർന്നിരുന്ന രാത്രികൾ. നിന്റെ കാമുകനെ തീർക്കാനെന്ന മറുപടി. വീട്ടുകാരെ അറിയിച്ചപ്പോൾ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ ഉപദേശം. വിവാഹപ്രായമായ അനിയത്തിക്ക് തടസ്സമാകുമെന്ന ഓർമപ്പെടുത്തലും. കൗൺസിലിങും മരുന്നും കൊണ്ട് ഭർത്താവിനെ മാറ്റാൻ കഴിഞ്ഞുവെന്നതാണ് അവരുടെ ആശ്വാസം.
ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോഴാകും മകൾ, സഹോദരി, കൂട്ടുകാരി, അയൽക്കാരി എന്ന നിലയിൽ അവളും അവൾ അനുഭവിച്ച കഷ്ടപ്പാടുകളും ശ്രദ്ധയിൽപ്പെടുന്നത്. ഈ പ്രശ്‌നങ്ങളൊക്കെയും എന്നോട് പറഞ്ഞിരുന്നുവല്ലോ എന്നോർത്ത് വിഷമിക്കുന്നത്. പരിഹാരം കാണാൻ ശ്രമിക്കാമായിരുന്നുവെന്ന് തോന്നുന്നത്. പെരുമാറ്റദൂഷ്യങ്ങളെന്ന് കരുതി അവഗണിക്കുന്നവയാകും അവളെ കടുത്ത തീരുമാനത്തിലെത്തിക്കുന്നത്.
ഒരാൾക്കുണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. വിഷാദം, പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ തുടങ്ങിയവ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പാരമ്പര്യവും സാഹചര്യങ്ങളും ഘടകങ്ങളാണ്. ആത്മഹത്യ ചെയ്യുന്നവരിൽ 60 ശതമാനവും വിഷാദാവസ്ഥ അഭിമുഖീകരിച്ചിരുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ ഉന്മാദം, സംശയരോഗമുണ്ടാക്കുന്ന സമനിലമാറ്റങ്ങളും കാരണമാകുന്നു. അത്തരം അവസ്ഥയിലാണ് ഒപ്പമുള്ളയാളെന്ന് മനസ്സിലാക്കി ആവശ്യമായ പരിചരണം നൽകുന്നതലുള്ള വീഴ്ച ദുരന്തങ്ങളിൽ കൊണ്ടെത്തിക്കുന്നത്.
വിഷാദം
ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ. പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് അടിപ്പെട്ടുപോകുന്നു. സംസാരിക്കാൻ വൈമനസ്യം, മരിച്ചാൽ മതിയെന്ന തോന്നൽ, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മാനസിക, ശാരീരിക പ്രവർത്തനങ്ങൾ താഴ്ന്ന നിലയിലെത്തുന്നു.
ഉന്മാദം
എല്ലാം അധികമായി ചെയ്യുന്ന അവസ്ഥ. അതിവേഗത്തിൽ എല്ലാം ചെയ്തുതീർക്കാനുള്ള വ്യഗ്രത, യുക്തിക്ക് നിരക്കാത്ത ചിന്തകൾ, ഭ്രമാത്മകമായ ലോകത്ത് സ്വയംമറന്ന് ജീവിക്കുക, അമിതവ്യയം, ആർക്കും തന്നെയൊന്നും ചെയ്യാനാകില്ല എന്ന ആത്മവിശ്വാസം.
സംശയരോഗം
സംസാരത്തിലും പെരുമാറ്റത്തിലും വ്യക്തികളിലും എന്നുതുടങ്ങി എല്ലാത്തിലും എന്തോ പ്രശ്നമുണ്ട് എന്ന് കാണുന്നവരും പങ്കാളിയെ സംശയിക്കുന്നവരുമുണ്ട്. ചുറ്റുമുള്ളവർക്ക് അരോചകമായ വിധമാകുമെല്ലാം. ആൾക്കൂട്ടത്തിലും എല്ലാവരും ശ്രദ്ധിക്കുന്നു, എന്നെക്കുറിച്ചാണ് അവർ സംസാരിക്കുന്നത് തുടങ്ങിയ തോന്നലുകളാകും ഇവർക്ക്. ഈ അവസ്ഥ കൂടുതലും പുരുഷൻമാർക്കാണ് ഉണ്ടാകുന്നത്. വിശ്വസിക്കുന്ന രീതിയിൽ കഥകൾ മെനഞ്ഞ് കേൾക്കുന്നവരെ കൈയിലെടുക്കും. കൊലപാതകത്തിലെത്തുന്ന അവസ്ഥവരെയുണ്ടാകാം.
ഇല്ലാത്തത് കാണുകയും കേൾക്കുകയും ചെയ്യുന്ന ചിത്തഭ്രമം, ഉത്കണ്ഠാ രോഗങ്ങൾ, വേണ്ടപ്പെട്ടവരുടെ ആത്മഹത്യയുണ്ടാക്കുന്ന പ്രേരണ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ ഇവയൊക്കെ ആത്മഹത്യാപ്രേരണ വർധിപ്പിക്കുന്നു.
പരിഹാരം
ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന് വരുമ്പോൾ സാഹചര്യം മറികടക്കാൻ പ്രാർഥനയിലും പൂജയിലും ജപത്തിലും ആരാധനയിലും അഭയംതേടും. ഒടുവിൽ ഇവയൊന്നും പരിഹാരമല്ലെന്ന് മനസ്സിലാക്കുമ്പോഴേക്കും ജീവിതവും ജീവനും കൈവിട്ടുപോയിട്ടുണ്ടാകും. ചികിത്സക്ക് തയ്യാറാവുകയെന്നതാണ് പ്രധാനം.
സജീവ് എസ്.നായർ
കുറവിലങ്ങാട്
: സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഓൺലൈൻ കൗൺസിലിങ് പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. ‘കാതോർത്ത്’ എന്ന പ്രധാന ഓൺലൈൻ കൺസൾട്ടേഷനിൽ കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കും. ഗാർഹിക സ്ത്രീധന പീഡനങ്ങളുൾപ്പെടെ പരാതിപ്പെടാം.
പരാതിക്കാർക്ക് യാത്രാനഷ്ടം, സമയനഷ്ടം എന്നിവ ഒഴിവാകും. സ്വന്തം താമസസ്ഥലത്തുനിന്നുതന്നെ ഓൺലൈനായി ഉടൻ പരിഹാരവും സഹായവും ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
തപാൽവകുപ്പുമായി ചേർന്ന് രക്ഷാദൂത്
ഗാർഹിക പീഡന പരാതികളിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർമാരും കുട്ടികൾക്കെതിരേയുള്ള പരാതികളിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരും നടപടി സ്വീകരിക്കും. തപാൽവകുപ്പുമായി ചേർന്നാണ് രക്ഷാദൂത് നടപ്പാക്കുന്നത്. അതിക്രമം നേരിടുന്ന സ്ത്രീക്കോ കുട്ടിക്കോ അല്ലെങ്കിൽ അവരുടെ പ്രതിനിധിക്കോ പോസ്റ്റ് ഓഫീസിലെത്തി പേരുവിവരങ്ങൾ വെളിപ്പെടുത്താതെ പരാതി നൽകാം.
പരാതിക്കാർക്ക് പോസ്റ്റ് ഓഫീസിലെത്തി ‘തപാൽ’ എന്ന കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്ററുടെ സഹായത്തോടെ മേൽവിലാസമെഴുതി പിൻകോഡ് സഹിതം ബോക്‌സിൽ നിക്ഷേപിക്കാം.
‘പൊൻവാക്ക്’
ശൈശവവിവാഹം തടയാനുള്ള സഹായപദ്ധതിയാണ് ‘പൊൻവാക്ക്’. ശൈശവവിവാഹം ശ്രദ്ധയിൽപ്പെട്ടാൽ മുൻകൂട്ടി വിവരം അറിയിക്കാം. വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികവും ലഭിക്കും. അറിയിപ്പ് നൽകുന്ന വ്യക്തിയുടെ വിവരം രഹസ്യമായി സൂക്ഷിക്കും.
പ്രവർത്തനം ഇങ്ങനെ…
മഹിളാ ശക്തികേന്ദ്ര പദ്ധതിക്ക് കീഴിൽ ജില്ലാ വനിതാ ശിശുവികസനവകുപ്പിന്റെ മേൽനോട്ടത്തിലാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. സേവനം ആവശ്യമായ സ്ത്രീകൾക്ക് പ്രത്യേകം രൂപവത്‌കരിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ അടിസ്ഥാനമാക്കി തരംതിരിച്ച് ബന്ധപ്പെട്ട കൺസൾട്ടന്റുമാർക്ക് കൈമാറുകയും അവർ നൽകുന്ന സമയം പരാതിക്കാരിയെ അറിയിക്കുകയും ചെയ്യും. ഓൺലൈനിൽ കൺസൾട്ടന്റുമാരുടെ സേവനം ലഭ്യമാക്കും.
പോലീസ് സഹായം ആവശ്യമുള്ളവർക്ക് വിമൻ സെല്ലിന്റെ സേവനവും ലഭിക്കും. വിഡിയോ കൺസൾട്ടേഷൻ വഴിയും സൂംപോലുള്ള സുരക്ഷിത വിഡിയോ കോൺഫറൻസിങ് മുഖേനയുമായിരിക്കും സേവനം. രജിസ്‌ട്രേഷൻ നടന്നാൽ പരാതിക്കാർക്ക് എസ്.എം.എസും ഇ-മെയിൽ അറിയിപ്പും ലഭിക്കും. 48 മണിക്കൂറിനുള്ളിൽ വിഡിയോ കോൺഫറൻസ് സമയം അറിയിച്ചുള്ള എസ്.എം.എസ്. വിവരങ്ങളും ലഭിക്കും.
എല്ലാം സ്വകാര്യം
പരാതിക്കാരുടെ പ്രശ്നങ്ങൾ വകുപ്പിന്റെ പാനലിലുള്ള ലീഗൽ ആൻഡ് സൈേക്കാജളിക്കൽ കൗൺസിലർമാർ, മനോരോഗ വിദഗ്‌ധൻ, പോലീസ് എന്നിവരുമായി മാത്രമേ പങ്കിടുകയുള്ളൂ. സംസ്ഥാന സർക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യമായാണ് സേവനം. ഫോൺ: 0481 2300955.