അസൗകര്യങ്ങളിൽഎരുമേലി കെ.എസ്.ആർ.ടി.സി. സെന്റർ; ഡിപ്പോയാക്കി ഉയർത്തണമെന്നും സ്ഥലം ഏറ്റെടുക്കണമെന്നും ഗ്രാമപ്പഞ്ചായത്ത്

എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിനെ ഡിപ്പോയായി ഉയർത്തണമെന്നും ഡിപ്പോയ്ക്ക് ആവശ്യമായ സ്ഥലമേറ്റെടുത്തു നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. ശബരിമല തീർഥാടനത്തിലൂടെ ലാഭമേറിയ സെന്റർ ഇപ്പോൾ നഷ്ടത്തിന്റെ കണക്കിലാണ്. പത്തുവർഷങ്ങൾക്ക് മുമ്പ് ദേവസ്വം ബോർഡിന്റെ 70 സെന്റോളം സ്ഥലമാണ് നാമമാത്രമായ തുകയ്ക്ക് നിശ്ചിത വർഷത്തേക്ക് കെ.എസ്.ആർ.ടി.സി.ക്ക് പാട്ടം നൽകിയത്. ജനകീയ പങ്കാളിത്തത്തോടെ സെന്ററിൽ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയാണ് തുടക്കം. ശബരിമല തീർഥാടനകാലത്ത് സെന്ററിന്റെ ലാഭക്കണക്ക് പതിൻമടങ്ങ് ഉയർന്നിട്ടും ഡിപ്പോ ആക്കുമെന്നത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കോവിഡ് പ്രതിസന്ധിയിൽ തീർഥാടകരെത്താതായതോടെ തീർഥാടനം നിലച്ചതും ബസ് സർവീസുകൾ നടത്താനാകാതെയും വന്നതോടെ സെന്റർ നഷ്ടത്തിൽ കൂപ്പുകുത്തിയിരിക്കുകയാണ്. 

ട്രാൻസ്‌പോർട്ട് കോർപറേഷന് കാര്യമായ മുതൽമുടക്കില്ലാതെയാണ് എരുമേലി സെന്ററിന്റെ പ്രവർത്തനം. നിസ്സാര തുകയ്ക്ക് സ്ഥലം നൽകി ദേവസ്വം ബോർഡും സ്ഥലത്തെ നിർമിതികൾ ഗ്രാമപ്പഞ്ചായത്തും ജനപങ്കാളിത്തത്തിലൂടെയും യാഥാർഥ്യമാക്കി. സർവീസുകൾ കൂടിയതോടെ ബസുകൾക്ക് റോഡരുകിൽ പാർക്കുചെയ്യേണ്ട അവസ്ഥ. ജില്ലയിൽ പ്രമുഖമാകേണ്ട സെന്ററാണ് ഇന്നും തുടങ്ങിയിടത്ത് നിൽക്കുന്നത്. 

സ്ഥല പരിമിതി തടസ്സമാകുന്നതായും കൂടുതൽ സർവീസുകൾ ഉൾപ്പെടെ ഓപ്പറേറ്റുചെയ്യുന്നതിന് സെന്ററിന് സ്ഥലം ഏറ്റെടുത്ത്‌ നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. അധികൃതർ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ്‌റിന് കത്തുനൽകിയിരുന്നു. വിഷയം ചർച്ച ചെയ്യണമെന്ന് ജനപ്രതിനിധികളായ ഷാനവാസ്, ജെസ്ന നജീബ് എന്നിവർ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെടുകയും പമേയം പാസാക്കുകയായിരുന്നു.

ടൗണിന് സമീപം നേർച്ചപ്പാറ വാർഡിലെ തളികപ്പാറയിൽ ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ ഏഴേക്കറോളം സ്ഥലം വർഷങ്ങളായി ഉപയോഗമില്ലാതെ കാടുമൂടി കിടക്കുകയാണ്. ഈ സ്ഥലം ഏറ്റെടുത്താൽ ഡിപ്പോയ്‌ക്കൊപ്പം എരുമേലിയിൽ അസൗകര്യമായ രീതിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ്, മൃഗാശുപത്രി, രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി തുടങ്ങിയ അടിസ്ഥാാന ഓഫീസുകളും ഫയർ സ്റ്റേഷനും നിർമിക്കാനാകും.

error: Content is protected !!